ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഹംഗല ഗ്രാമത്തിൽ സഹായമഭ്യർത്ഥിക്കാനെത്തിയ യുവതിയെ കർണാടകയിലെ പാർപ്പിട-അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി വി സോമണ്ണ മുഖത്തടിച്ച സംഭവത്തിൽ രൂക്ഷ വിമർശനം. ബി.ജെ.പി എം.എൽ.എയും സംസ്ഥാന മന്ത്രിയുമായ വി.സോമണ്ണ ഇന്നലെ ഉച്ചയ്ക്ക് 2.30ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭവനനിർമാണ പട്ടയം വിതരണം ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ, വൈകിട്ട് ആറരയോടെയാണ് മന്ത്രി വേദിയിലെത്തിയത്.
പട്ടയം ലഭിക്കാത്തതിൽ ക്ഷുഭിതയായ ഒരു സ്ത്രീ മന്ത്രിയെ സമീപിച്ചു. രോഷാകുലനായ മന്ത്രി സ്ത്രീയുടെ മുഖത്ത് അടിച്ചു. ആക്രമണത്തിനിരയായിട്ടും യുവതി മന്ത്രിയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി. സംഭവം വിവാദമായതോടെ യുവതിയോട് മന്ത്രി മാപ്പ് പറഞ്ഞു.