ഇടുക്കി കട്ടപ്പനയിൽ ആക്രിക്കടയുടെ മറവിൽ അനധികൃത മദ്യവില്പന. കട്ടപ്പന ഇരട്ടയാർ സ്വദേശി രാജേന്ദ്രൻ പോലീസ് പിടിയിൽ. ദീപാവലിക്കും ഡ്രൈഡേയിലും വില്‍പ്പന നടത്താന്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് പിടികൂടിയത്. ഇരട്ടയാറിൽ അനധികൃത മദ്യവില്പന നടന്നുവരുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അന്വേഷണം തുടർന്നിരുന്ന സാഹചര്യത്തിലാണ് മദ്യപിച്ച് വീട്ടിലെത്തുന്ന ഭർത്താവ് സ്ഥിരമായി വഴക്കിയുണ്ടാക്കുന്നുവെന്ന പരാതി ലഭിച്ചത്. പരാതിയെത്തുടർന്ന് ഭർത്താവിനെ ചോദ്യം ചെയ്തപ്പോഴാണ് രാജേന്ദ്രൻ്റെ ആക്രിക്കടയിൽ നിന്നാണ് മദ്യം വാങ്ങുന്നതെന്ന വിവരം ലഭിച്ചത്.
ഇതിനെ തുടർന്ന് രണ്ടു ദിവസം കട്ടപ്പന എസ് ഐയുടെ നേതൃത്വത്തിൽ സ്ഥലത്ത് നിരീക്ഷണം നടത്തുകയും അനധികൃതമായി സൂക്ഷിക്കുകയും വില്പന നടത്തുകയും ചെയ്ത മദ്യം കണ്ടെത്തുകയുമായിരുന്നു. അഞ്ചു ബ്രാന്‍ഡുകളിലെ 74 കുപ്പികളിലായി 37 ലിറ്റര്‍ മദ്യമാണ് പൊലീസ് പിടിച്ചെടുത്തത്. മദ്യം വില്‍പ്പന നടത്തി കിട്ടിയ പണവും കണ്ടെത്തി. ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ മദ്യമാണിതെന്ന് രാജേന്ദ്രന് പറഞ്ഞു. മുൻപ് പല ചാരായ വില്പന കേസുകളിലും പ്രതിയായിരുന്ന ആളാണ് ഇയാൾ. പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി.