കെ എസ് യു നേതാവിനെ കാപ്പ ചുമത്തി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹറിനെതിരെ കാപ്പ ചുമത്തിയതിനെതിരായ ഹർജിയാണ് തള്ളിയത്. ബുഷർ ജംഹറിൻ്റെ മാതാവ് ജഷീല ടി എം നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിൻേതാണ് നടപടി.
കെ എസ് യുവിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും കെ.പി.സി.സിയുടെ കായിക വേദിയുടെ ജില്ലാ അസോസിയേഷൻ പ്രസിഡന്റും ആണ് ബുഷർ ജംഹർ എന്ന് അമ്മ ജഷീലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാവ് ആയത് കൊണ്ടും, രാഷ്ട്രീയ അഭിപ്രായങ്ങൾ ധൈര്യത്തോടെ പ്രകടിപ്പിക്കുന്നത് കൊണ്ടുമാണ് കാപ്പ ചുമത്തിയതെന്ന് ജഷീലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, മാത്യു കുഴൽനാടൻ, ശ്യാം മോഹൻ എന്നിവർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
ബുഷർ ജംഹർ അറിയപ്പെടുന്ന റൗഡിയാണെന്ന് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ഡി ഐ ജിയും ജില്ലാ പോലീസ് മേധാവിയും വ്യക്തമാക്കിയിരുന്നു. പതിനൊന്ന് കേസുകളാണ് ബുഷർ ജംഹറിന് എതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കാപ്പ നിയമം ചുമത്തി തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിറക്കിയത്. 2022 ജൂൺ 27 ന് ആണ് ജംഹറിനെ പോലീസ് അറസ്റ്റ് ചെയ്തത്.