മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മോളി കണ്ണമാലി. അവതരണ ശൈലിയും സംഭാഷണ ശൈലിയുമാണ് മോളി കണ്ണമാലിയെ ജനപ്രിയമാക്കിയത്. ഇപ്പോൾ താരം ഹോളിവുഡ് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ടുമോറോ എന്ന ചിത്രമത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ രചനയും നിർമാണവും സംവിധാനവും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളിയായ ജോയ് കെ. മാത്യുവാണ്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ഏഴ് കഥകൾ ഉൾപ്പെടുത്തിയുള്ള ആന്തോളജി ചിത്രമാണ് ടുമോറോ. ചിത്രത്തിൽ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. ലോകത്തെ വിവിധ സ്ഥലങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. സഹകരണത്തിൻ്റെയും സ്നേഹത്തിൻ്റെയും സഹായത്തിൻ്റെയും ഉജ്ജ്വല മുഹൂർത്തങ്ങളാവുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിൻ്റെ പ്രമേയമാകുന്നത്.
നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കോളനി എന്ന സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് മാറി നിൽക്കുമ്പോഴാണ് മോളിക്ക് പുതിയ അവസരം തേടിയെത്തിയത്. ജോയ്.കെ.മാത്യുവുമായുള്ള പരിചയത്തിൻ്റെ ഫലമാണ് തനിക്ക് ഈ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെന്ന് മോളി പറയുന്നു. ഒരു സമയത്ത് ശാരീരികമായി തളർന്നുപോയിരുന്ന തന്നെ സഹായിച്ചത് മമ്മൂക്കയാണെന്നും മോളി പറയുന്നു. രണ്ടാമത്തെ അറ്റാക്ക് വന്നത് സ്റ്റേജ് ഷോയിൽ കേറാൻ നിൽക്കുന്ന സമയത്തായിരുന്നെന്നും അന്ന് എല്ലാരും പറഞ്ഞത് താൻ മരിച്ച് പോകുമെന്ന അവസ്ഥയിലായിരുന്നെന്നും മോളി കൂട്ടിച്ചേർത്തു.
മോളി കണ്ണമാലിയുടെ വാക്കുകൾ;
എനിക്ക് സുഖമില്ലെന്ന് അറിഞ്ഞിട്ട് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടുപോകണമെന്ന് പറഞ്ഞത്. അതിനായി അദ്ദേഹം ആന്റോ ജോസഫിനെ പറഞ്ഞുവിട്ടിരുന്നു. ഹോസ്പിറ്റലിൽ ചെന്ന് സംസാരിച്ചപ്പോഴേക്കും എൻ്റെ ഹെൽത്ത് ശരിയാവില്ലെന്ന് പറഞ്ഞു. ഓപ്പറേഷൻ ചെയ്ത് കഴിഞ്ഞാലും നമ്മളെ കൊണ്ട് ആവില്ല. അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു.
മരുന്നുകൊണ്ട് ചികിത്സിച്ച് തീർക്കാമെന്ന്. വേറെയൊന്നും കൊണ്ടല്ല, ഓപ്പറേഷൻ കഴിഞ്ഞ് വന്നാൽ അതിനായുള്ള റൂം ആയിരിക്കണം. പിന്നെ നമ്മളെ കെയർ ചെയ്യാനും ആളില്ല. നല്ല പ്രായത്തിൽ തന്നെ എനിക്ക് പ്രഷർ വന്നു. അന്ന് സംസാരിക്കാൻ പോലും പറ്റാതെ ഞാൻ തളർന്ന് പോയിരുന്നു. സിനിമ ഫീൽഡിലേക്ക് കുറച്ച് പൈസയൊക്കെ ഉണ്ടാക്കി വന്നതായിരുന്നു.
അപ്പോഴാണ് പെട്ടെന്ന് അറ്റാക്ക് വന്നത്. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാനാകെ തളർന്ന് പോയിരുന്നു. രണ്ടാമത്തെ അറ്റാക്ക് വന്നത് സ്റ്റേജ് ഷോയിൽ കേറാൻ നിൽക്കുന്ന സമയത്തായിരുന്നു. അന്ന് എല്ലാരും പറഞ്ഞത് ഞാൻ മരിച്ച് പോകുമെന്നായിരുന്നു.അങ്ങനെ വല്ലാതെ കടത്തിലായി പോയിരുന്നു. മമ്മൂക്ക പറഞ്ഞിട്ട് ആന്റോ ജോസഫ് അപ്പോഴാണ് പൈസ കൊണ്ടു തന്നത്. പിന്നെ ഞാൻ അദ്ദേഹത്തോട് പൈസക്ക് ചോദിച്ചിട്ടില്ല.