ഗാന്ധിനഗർ: മഹാത്മാ ഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിൻ്റെ ചാൻസലറായി ഗവർണർ ആചാര്യ ദേവ് വ്രത്തിനെ നിയമിച്ചതിനെത്തുടർന്ന് ഒമ്പത് ട്രസ്റ്റികൾ രാജിവെച്ചു. പുതിയതായി നിയമിക്കപ്പെട്ട ചാൻസലർ സംഘപരിവാറുകാരനും, ഗാന്ധിയൻ മൂല്യങ്ങൾക്ക് എതിരായ വ്യക്തിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രസ്റ്റികളുടെ രാജി. നർസിഹ്ഭായ് ഹാതില, ഡോ. സുദർശൻ അയ്യങ്കാർ, ഡോ. അനാമിക് ഷാ, മന്ദബെൻ പരീഖ്, ഉത്തം ഭായ് പർമർ, ചൈതന്യ ഭട്ട്, നീതാബെൻ ഹാർദികർ, മൈക്കൽ മസ്ഗോങ്കർ, കപിൽ ഷാ എന്നിവരാണ് ട്രസ്റ്റി ബോർഡിലെ രാജിവെച്ച ഒമ്പത് അംഗങ്ങൾ.
അഹമ്മദാബാദിൽ 102 വർഷം മുമ്പ് സ്ഥാപിതമായ ഗുജറാത്ത് വിദ്യാപീഠം 24 അംഗങ്ങളടങ്ങിയ ട്രസ്റ്റി ബോർഡാണ് ഭരിക്കുന്നത്. ഗാന്ധിയൻ മൂല്യങ്ങളുടെയും, ചിന്തകളുടെയും അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതിയുള്ള സ്വയംഭരണാധികാര യൂണിവേഴ്സിറ്റിയാണ് ഗുജറാത്ത് വിദ്യാപീഠം. വിദ്യാപീഠത്തിൻ്റെ 68-ാമത് ബിരുദധാന ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പാണ് ട്രസ്റ്റികളുടെ രാജി. പുതിയ ചാൻസലറായുള്ള ദേവ് വ്രത്തിൻ്റെ നിയമനം രാഷ്ട്രീയ സമ്മർദ്ദം മൂലം തിടുക്കത്തിലുള്ളതാണെന്നും, വോട്ടെടുപ്പിൽ കൃത്രിമം കാണിച്ചുകൊണ്ടാണെന്നും രാജിക്ക് ശേഷം സംയുക്ത പ്രസ്താവനയിലൂടെ ഒമ്പത് ട്രസ്റ്റികൾ വ്യക്തമാക്കി.
‘പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ചാൻസലറോടുള്ള ഞങ്ങളുടെ താഴ്മയായ അഭ്യർത്ഥന; ചാൻസലർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എങ്ങനെയായിരുന്നെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. അത് സ്വയമേവയോ ട്രസ്റ്റി ബോർഡിൻ്റെ ഏകകണ്ഠമായ തീരുമാനമോ ആയിരുന്നില്ല. കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തിലായിരുന്നു. ഗാന്ധിയുടെ മൂല്യങ്ങളോടും രീതികളോടും പ്രയോഗങ്ങളോടുമുള്ള തികഞ്ഞ അവഗണനയായിരുന്നു അത്. നിങ്ങളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും കളങ്കം വരുത്തി അതെങ്ങനെ സ്വീകരിക്കാനാവും?’ എന്നാണ് തിങ്കളാഴ്ച വൈകുന്നേരം മാധ്യമങ്ങളോട് പങ്കുവെച്ച സംയുക്ത പ്രസ്താവനയിൽ രാജിവെച്ച് ട്രസ്റ്റികൾ പറഞ്ഞത്.
‘ജനാധിപത്യ മൂല്യങ്ങളും നിങ്ങളുടെ സുതാര്യമായ സ്വയംഭരണാധികാരവും ഉയർത്തിപ്പിടിച്ച്, ചുമതലയേറ്റ ചാൻസലർ സ്ഥാനത്ത് നിന്ന് പിന്മാറി മാതൃക കാണിക്കാൻ താങ്കൾക്ക് അവസരമുണ്ടെന്നും ഗവർണറോട് പ്രസ്താവനയിലൂടെ ട്രസ്റ്റികൾ അഭ്യർത്ഥിച്ചു.
ഇത്തരം നടപടികളിലൂടെ, വലുതും ചെറുതും, ശക്തവും ദുർബലവുമായ ഗാന്ധിയൻ സ്ഥാപനങ്ങളെ ഏറ്റെടുക്കാനും അതുവഴി ചരിത്രത്തെ മായ്ച്ചുകളയാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെയും രാജിവെച്ച ട്രസ്റ്റികൾ പ്രസ്താവനയിലൂടെ വിമർശിച്ചു. പ്രശസ്ത ഗാന്ധിയനും സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ സ്ഥാപകയുമായ എലാബെൻ ഭട്ടിൻ്റെ പ്രായാധിക്യം മൂലമുള്ള രാജിയെത്തുടർന്നാണ് ഗുജറാത്ത് ഗവർണർ ആചാര്യ ദേവ് വ്രത്തിൻ്റെ നിയമനം.