ലക്നൗ: രക്തത്തിനു പകരം ജ്യൂസ് കയറ്റിയതിനെത്തുടർന്ന് ഡെങ്കിപ്പനി രോഗി മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണത്തിൽ അധികൃതർക്ക് വീഴ്ചയുണ്ടായി എന്ന കണ്ടെത്തലിന് പിന്നാലെ ആശുപത്രി ജില്ലാ ഭരണകൂടം പൂട്ടിച്ചു. അതേസമയം ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രോഗിയുടെ കുടുംബം ആവശ്യപ്പെട്ടു.
പ്രയാഗ്രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെൻ്ററിലാണ് സംഭവം. ഡെങ്കിപ്പനി ബാധിതാനായ 32 കാരനെ ഒക്ടോബർ 17 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ബ്ലഡ് പ്ലാസ്മ കുറവാണെന്നും ബ്ലഡ് ബാങ്കിൽ നിന്ന് വാങ്ങി കൊണ്ട് വരാനും ഡോക്ടർ ആവശ്യപ്പെട്ടു. കുടുംബം തൊള്ളായിരം രൂപയ്ക്ക് പ്ലേറ്റ്ലെറ്റ് വാങ്ങി ഏൽപ്പിച്ചു. ഇത് ഡ്രിപ്പിലൂടെ രോഗിക്ക് നൽകി. എന്നാൽ ഇതോടെ ഇയാളുടെ നില വഷളായി.
ഇതേത്തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു രോഗിയെ മാറ്റി. ഇയാൾ മരിക്കുകയും ചെയ്തു. അവിടെവച്ചാണ് ഇതു വ്യാജ രക്തബാഗ് ആണെന്നും ഇതിനുള്ളിൽ രാസഘടകങ്ങളും മുസമ്പി ജ്യൂസ് ആണെന്നും വ്യക്തമായത്. അതേസമയം വ്യാജ പ്ലേറ്റ്ലെറ്റ് കച്ചവടം നടത്തിയതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.