ഗവർണർ ഏകാധിപതിയെപോലെ പെരുമാറുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാന ഭരണത്തിന് തടസം സൃഷ്ട്ടിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ജനാധിപത്യ വിരുദ്ധ പ്രവർത്തനമാണെന്ന് മന്ത്രി വി ശിവൻകുട്ടി ഇടുക്കി പീരുമേട്ടിൽ പറഞ്ഞു.
“വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്പോൾ അതിന് തടസം നിൽക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. വൈസ് ചാൻസിലർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല.എം എൽ എ മാരെ ഭീഷണിപ്പെടുത്തുന്നു, സർക്കാരിനെ ഭീഷണിപ്പെടുത്തുന്നു…ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന പ്രവർത്തനങ്ങളാണിതൊക്കെ”. മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം തന്നെ വിമർശിച്ചാൽ മന്ത്രിമാരെ പുറത്താക്കുമെന്ന് ഗവർണറുടെ പ്രസ്താവന വിവാദമായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ സ്ഥാനത്തിൻ്റെ അന്തസിനെ താഴ്ത്തുന്ന മന്ത്രിമാരുടെ വ്യക്തിപരമായ പ്രസ്താവനകൾ മന്ത്രി സ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ക്ഷണിച്ചുവരുത്തും എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ മുന്നറിയിപ്പ്. ഗവർണറുടെ പ്രസ്താവന രാജ്ഭവൻ പിആർഒയാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തത്.
സമൂഹത്തിന് മുന്നില്‍ പരിഹാസ്യരാകരുത്; ഗവര്‍ണറുടെ വിവേചനാധികാരം ഇടുങ്ങിയതാണെന്നും മുഖ്യമന്ത്രി