ദില്ലി: ഗൂഗിളിന് 1337.76 കോടി രൂപ പിഴ ചുമത്തി കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ആൻഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളെ വാണിജ്യ താൽപര്യത്തിന് അനുസരിച്ച് ഗൂഗിൾ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. 2019ൽ നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് പിഴ ചുമത്തിയത്.
മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ് ഗൂഗിളിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈൽ ആപ്പിക്കേഷൻ ഡിസ്ട്രിബ്യൂഷൻ എഗ്രിമെന്റ് (എംഎഡിഎ) പോലുള്ള കരാറുകളിലൂടെ ഗൂളിൾ അവരുടെ ആപ്പുകളും നിർമാണ വേളയിൽതന്നെ ഫോണുകളിൽ ഉൾപ്പെടുത്താറുണ്ട്. സെർച്ച് ആപ്പ്, വിഡ്ജെറ്റ്, ക്രോം ബ്രൗസർ എന്നിവയെല്ലാം ഇങ്ങനെ ആൻഡ്രോയിഡ് ഫോണിൽ പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നു. ഇതിലൂടെ എതിരാളികളെക്കാൾ മത്സരാധിഷ്ഠിത നേട്ടം ഗൂഗിൾ സ്വന്തമാക്കിയതായും കോംപിറ്റീഷൻ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.