എകെജി സെൻ്റർ ആക്രമണ കേസിലെ മുഖ്യ പ്രതി ജിതിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ജസ്റ്റിസ് വിജു എബ്രഹാമിൻ്റെ ബെഞ്ചാണ് ഉത്തരവ് പറയുന്നത്. ജിതിൻ നേരത്തെ നൽകിയിരുന്ന ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ജിതിനെതിരെ ഒട്ടേറെ കേസുകൾ ഉണ്ടെന്നും, ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം. എകെജി സെൻ്ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയാണെന്നായിരുന്നു. ആക്രമണസ്ഥലത്ത് നിന്ന് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിൻ്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. രാസവസ്തു എവിടെ നിന്ന് എത്തിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുത്. ജിതിന് എതിരെ മറ്റു ഏഴു കേസുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
അതേസമയം കേസിലെ മറ്റു മൂന്ന് പ്രതികൾ ഒളിവിലാണ്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ഡ്രൈവർ സുബീഷ്, ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് നവ്യ ടി എന്നിവരാണ് ഒളിവിലുള്ളത് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പ്രതികൾക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരനും മറ്റ് ഉന്നത കോൺഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുളള വിവരം പുറത്ത് വന്നിരുന്നു.
ജിതിൻ്റെ അടുത്ത സുഹൃത്തായ നവ്യ കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആറ്റിപ്ര വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ ഉപയോഗിച്ച സ്കൂട്ടർ സുഹൈൽ ഷാജഹാൻ്റെ ഡ്രൈവറുടെ സ്കൂട്ടറാണ്. ജിതിൻ എകെജി സെൻ്റർ ആക്രമിച്ചതിന് പിന്നാലെ ആക്രമണത്തിന് സ്കൂട്ടർ ഓടിച്ച് കഴക്കൂട്ടം ഭാഗത്തേക്ക് പോയത് നവ്യയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ജൂൺ മുപ്പതിന് രാത്രിയാണ് സ്കൂട്ടറിൽ എത്തിയ ജിതിൻ എകെജി സെൻ്ററിൽ സ്ഫോടകവസ്തുവെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെൻ്ററിൽ ഉഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് നേതൃത്വമാണെന്ന് സിപിഎം അന്നേ ആരോപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് അത് നിഷേധിക്കുകയായിരുന്നു. കേസിൽ പിടിക്കപെട്ടവരും പ്രതി ചേർത്തവരുമെല്ലാം യൂത്ത് കോൺഗ്രസ് നേതാക്കളായതോടെ കോൺഗ്രസിൻ്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു.