ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിൻ്റെ വിശേഷങ്ങളാണ് ആരാധകർക്കിടയിലും സോഷ്യൽമീഡിയയിലും നിറയുന്നത്. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത നിറഞ്ഞ കാതൽ എന്ന ചിത്രത്തിൻ്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് സിനിമയുടെ എഴുത്തുകാരിൽ ഒരാളായ ആദർശ് സുകുമാരൻ. കാതൽ എന്ന ചിത്രം വലിയൊരു താരനിരയുള്ള സിനിമയല്ലെന്നും കുടുംബത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണെന്നും ആദർശ് പറയുന്നു. ജ്യോതികയെ നിർദേശിച്ചത് മമ്മൂട്ടിയാണെന്നും ആദർശ് പറയുന്നു.
ആദർശിൻ്റെ വാക്കുകൾ;
രണ്ടുവർഷത്തോളമായി ഒരു സിനിമ ചെയ്യണമെന്ന് ഞാനും സുഹൃത്ത് പോൾസണും തീരുമാനിച്ചിട്ട്. ഈ കഥയിലേക്ക് വന്നത് യാദൃച്ഛികമായാണ്. ഒരു താരത്തെയോ നായകനെയോ മുന്നിൽ കണ്ട് എഴുതിയതല്ല ഈ സിനിമ. ജിയോ ചേട്ടൻറെയടുത്ത് എത്തിയപ്പോഴാണ്, സിനിമ മമ്മൂക്ക ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. ജിയോ ചേട്ടൻ കഥ കേട്ടു കഴിഞ്ഞപ്പോഴാണ്, ഒരുമിച്ച് ചെയ്യാമെന്നു പറഞ്ഞത്. പിന്നീട് നിങ്ങൾ ഇന്നലെ കണ്ടതുവരെ സംഭവിച്ചതെല്ലാം സ്വപ്നതുല്യമായ ഒന്നാണ്.
മലയാളത്തിൽ ജ്യോതിക അധികം സിനിമകൾ ഒന്നും ചെയ്തിട്ടില്ല. തമിഴിൽ ചിത്രങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. ഈ സിനിമയിൽ പെർഫെക്റ്റായൊരു നായികയെ കണ്ടെത്തുക എന്നത് ഏറ്റവും റിസ്ക്കുള്ളതായിരുന്നു. ഇതിൻ്റെ ചർച്ചയ്ക്കിടെ മമ്മൂക്കയാണ് പറഞ്ഞത് ‘നമുക്ക് ജ്യോതികയെ നോക്കാം’ എന്ന്. ഞങ്ങളുടെ മനസിൽപോലും വരാത്തൊരു നടിയായിരുന്നു ജ്യോതിക. മമ്മൂക്കയുടെ ചോയിസ്, അത് പെർഫെക്റ്റായ കാസ്റ്റിങിലേക്ക് എത്തിച്ചു. പോസ്റ്ററിൻ്റെ ഡിസൈൻ മമ്മൂക്കയെ കാണിച്ചിരുന്നു.
ഇക്കയ്ക്കും അത് ഇഷ്ടപ്പെടുകയായിരുന്നു. ജ്യോതികയും സൂര്യയുമായി വലിയ ആത്മബന്ധം ഈ സിനിമയിലൂടെ ലഭിച്ചു. ഒരോ പ്രാവശ്യം കാണുമ്പോഴും നന്നായി ഞങ്ങളെ അവർ ട്രീറ്റ് ചെയ്തു. പോസ്റ്റർ ജ്യോതികയുടെ പിറന്നാൾ ദിനത്തിൽ റിലീസായപ്പോൾ ഞങ്ങളോട് സന്തോഷം അറിയിച്ചു. ഒപ്പം സൂര്യ സാറും പോസ്റ്റർ ഷെയർ ചെയ്തു. വളരെ കാര്യമായി തന്നെയാണ് മാഡം കഥ കേട്ടത്. മമ്മൂക്കയാണ് നായികയെ നിർദേശിച്ചത് എന്നതും ഇരുവർക്കും സന്തോഷമുള്ള കാര്യമാണ്. അതോടൊപ്പം കഥാപാത്രത്തെ ഇഷ്ടപ്പെട്ടു, ഉൾക്കൊള്ളാൻ സാധിച്ചു എന്നതും സന്തോഷം. ഇതെല്ലാം ഒത്തുവന്നതിനു ശേഷമാണ് സിനിമയിലേക്ക് അവരെത്തുന്നത്.”