കോടതികളുടെ നീണ്ട അവധിക്കെതിരെ ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജി ദീപവലി അവധിക്കുശേഷം പരിഗണിക്കും. മുംബൈ സ്വദേശിനിയായ സബീന ലക്ക്ഡെവാലയാണ് ഹർജി നൽകിയത്. ദീപാവലി, ക്രിസ്മസ്, മധ്യ വേനൽ അവധികളുടെ പേരിൽ ആഴ്ചകളോളം കോടതികൾക്ക് അവധി നൽകുന്നത് നീതി നടപ്പാക്കുന്നത് വൈകിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇത്തരം ഹർജിയുടെ പേരിൽ വർഷത്തിൽ 70 ദിവസത്തോളം കോടതി അടഞ്ഞുകിടന്നുന്ന സ്ഥിതിയാണുള്ളത്. ഇതിന് പുറമെ പൊതു അവധികളും, മറ്റ് സർക്കാർ പ്രഖ്യാപിച്ച അവധികളും നിലവിലുണ്ട്.
ബ്രിട്ടീഷ് രാജ് കാലത്ത് കൊണ്ടു വന്ന ഇത്തരം അവധി സംവിധാനങ്ങൾ വര്‍ത്തമാന കാലത്ത് നീതിന്യായസംവിധാനങ്ങളെ തളര്‍ത്തുന്നതാണെന്നും ഹര്‍ജിയിൽ വിമര്‍ശനമുണ്ട്. ഇന്ത്യയിലെ ജഡ്ജിമാര്‍ ബ്രിട്ടീഷ് പൗരൻമാരായിരുന്ന കാലത്ത് അവര്‍ക്ക് ഇവിടെ വേനൽക്കാലം ബുദ്ധിമുട്ടേറിയതിനാൽ മാത്രമാണ് മധ്യവേനൽ അവധി കൊണ്ടു വന്നത്. സ്വാതന്ത്ര്യം നേടി ഇത്ര വര്‍ഷം കഴിഞ്ഞും ഈ അവധി കൊണ്ടു നടക്കുന്നതിലെ യുക്തിയും ഹര്‍ജിക്കാരി ചോദ്യം ചെയ്യുന്നുണ്ട്.
നീതി ലഭിക്കാനുള്ള കാലതാമസം എത്ര വലിയ ക്രൂരതയാണെന്ന് നേരിട്ട് ബോധ്യപ്പെട്ട ആളാണ് താനെന്ന് ഹര്‍ജിക്കാരി പറയുന്നു. 2021 ജൂലൈയിൽ മരുമക്കളും പേരമക്കളും ചേര്‍ന്ന് അവരെ സ്വന്തം വീട്ടിൽ നിന്നും പുറത്താക്കി. അവര്‍ നൽകിയ വ്യാജപരാതിയിൽ ക്രിമിനിൽ ചട്ടപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതിനെതിരെ കീഴ്ക്കോടതികളിലും ഹൈക്കോടതികളിലും പല ഹര്‍ജികളുമായി ആശ്വാസം തേടി ഇവരെത്തി. തൻ്റെ ഹര്‍ജി പരിഗണിക്കുമെന്ന പ്രതീക്ഷയിൽ 158 ദിവസം താൻ കോടതികളിൽ പോയെന്നും എന്നാൽ നിരാശയായി മടങ്ങേണ്ടി വന്നെന്നും അവര്‍ പറയുന്നു.
ഇത്തരം ഒരവസ്ഥ നേരിട്ട് മനസിലാക്കിയ ശേഷമാണു ഹർജിക്കാരി ഈ അവധികൾക്കെതിരെ ഹർജി കൊടുത്തിരിക്കുന്നത്. ഹർജി ദീപാവലി അവധിക്ക് ശേഷം നവംബർ 20 നാണ് പരിഗണിക്കാനിരിക്കുന്നത്.