ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. സംസ്ഥാനം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഫോണും പാസ്‌പോർട്ടും കോടതിയിൽ ഹാജരാക്കണം, സോഷ്യൽ മീഡിയയിൽ പ്രകോപന പരമായ പോസ്റ്റിടരുത് തുടങ്ങിയ ഉപാധികളോടെയാണ് എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. മറ്റന്നാൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി എൽദോസിനോട് നിർദേശിച്ചു.
പരാതിക്കാരി നിരവധി കേസുകളില്‍ പ്രതിയാണെന്നും നിരവധി പേര്‍ക്ക് എതിരേ പീഡന പരാതി ഉന്നയിച്ച് പണം തട്ടിയെന്നും എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകന്‍ വാദിച്ചു. പരാതിക്കാരി പ്രതിയും വാദിയുമായ പത്തോളം കേസുകളുടെ രേഖകള്‍ എല്‍ദോസിൻ്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. പരാതിക്കാരിക്ക് എതിരെ രണ്ട് അറസ്റ്റ് വാറണ്ട് ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു.
വധശ്രമ കുറ്റം കൂടി ചുമത്തിയ സാഹചര്യത്തിൽ എൽദോസിന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണുകള്‍ പിടിച്ചെടുക്കേണ്ടതുണ്ട്. എംഎല്‍എയെ ചേദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതീയിൽ വാദിച്ചു. കോവളം ഇന്‍സ്‌പെക്ടര്‍ക്ക് എതിരെയും പ്രോസിക്യൂഷന്‍ ആരോപണമുന്നയിച്ചു. സ്ത്രീയുടെ പരാതിയില്‍ കേസെടുത്തത് 12-ാം ദിവസമാണ്. ഇക്കാര്യത്തില്‍ ഇന്‍സ്‌പെക്ടര്‍ക്ക് എതിരെ അന്വേഷണം നടക്കുകയാണ്. ഇന്‍സ്‌പെക്ടര്‍ ആര്‍ക്കോ വേണ്ടിയാണ് കേസെടുക്കാന്‍ വൈകിച്ചത്. അത് ആരാണെന്നണ് കണ്ടെത്തണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ വീട്ടിൽ പരാതിക്കാരിയുമായി എത്തിയ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുമായി പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ മാസം എൽദോസ് കുന്നപ്പിള്ളി തന്നെ ഈ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് നടപടി. മറ്റാരും വീട്ടിൽ ഇല്ലാത്തപ്പോഴാണ് എൽദോസ് തന്നെ ഇവിടെ എത്തിച്ചതെന്നും യുവതി മൊഴി നൽകിയിരുന്നു.
സെപ്റ്റംബര്‍ 14ന് യുവതിയെ ബലമായി വീട്ടില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയ എംഎല്‍എയും സഹായികളും കോവളത്ത് വച്ച് ഇവരെ മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നല്‍കി. ഈ പരാതി പിന്‍വലിക്കാന്‍ എംഎല്‍എ കഴിഞ്ഞ ഒന്‍പതാം തീയതി വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍ കൊണ്ടുപോയി മര്‍ദിച്ച് കേസ് പിന്‍വലിപ്പിക്കാന്‍ നീക്കം നടത്തി. ഇതോടെ ഇവര്‍ നാടുവിടുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് യുവതിയെ തമിഴ് നാട്ടില്‍ നിന്ന കണ്ടെത്തി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് നല്‍കിയ രഹസ്യ മൊഴിയില്‍ യുവതി എംഎല്‍എയുടെ ലൈംഗിക പീഡനത്തിൻ്റെ വിവരങ്ങള്‍ കോടതിയെ അറിയിക്കുകയായിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ബലാത്സംഗ കുറ്റം ചുമത്തുകയുമായിരുന്നു.