പരോളിൽ ഇറങ്ങിയതിനു പിന്നാലെ ബലാത്സംഗ, കൊലപാതക കേസ് പ്രതിയായ ദേരാ സച്ചാ സൗദ മേധാവി ഗുർമീത് റാം റഹീം സിങ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ബി.ജെ.പി നേതാക്കൾ. ഓൺലൈനായി സംഘടിപ്പിച്ച ‘സത്സംഗ്’ എന്ന പരിപാടിയിലാണ് ബിഹാറിൽ നിന്നുള്ള ബി.ജെ.പി മേയർ അടക്കമുള്ളവർ പങ്കെടുത്തത്. കർണാൽ മേയർ രേണു ബാല ഗുപ്ത, ഡെപ്യൂട്ടി മേയർ നവീൻ കുമാർ, സീനിയർ ഡെപ്യൂട്ടി മേയർ രാജേഷ് അഗ്ഗി തുടങ്ങിയവരാണ് പരിപാടിയിൽ പങ്കാളികളായത്.
എൻ്റെ വാർഡിലെ പലർക്കും ബാബയുമായി ബന്ധമുണ്ട്. സാമൂഹിക ബന്ധത്തിൻ്റെ ഭാഗമായാണ് ഞങ്ങൾ പരിപാടിയിൽ എത്തിയത്. ഇതിന് ഭാരതീയ ജനതാ പാർട്ടിയുമായും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായും യാതൊരു ബന്ധവുമില്ല’- എന്നാണ് മേയറുടെ വാദം.
സിർസയിലെ ആശ്രമത്തിൽ വച്ച് രണ്ട് സ്ത്രീ ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ഗുർമീത് റാം. 40 ദിവസത്തെ പരോളാണ് ഗുർമീതിന് അനുവദിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഹരിയാനയിലെ ആദംപൂർ ഉപതെരഞ്ഞെടുപ്പിനും പഞ്ചായത്ത് തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് പരോൾ അനുവദിച്ചത്. നവംബർ മൂന്നിനാണ് ആദംപൂർ ഉപതെരഞ്ഞെടുപ്പ്. നേരത്തെ ജൂൺ 17നും ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു.