കഴിഞ്ഞ ദിവസം നടന്ന ലീഗ് വിമതരുടെ യോഗത്തിൽ പങ്കെടുത്തതിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈൻ അലി തങ്ങൾക്കെതിരെ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം കെ മുനീർ എംഎൽഎ. പാർട്ടി വിരുദ്ധരുടെ കൂട്ടായ്മയാകുമ്പോൾ പങ്കെടുക്കണമോ എന്ന് മുഈൻ അലി തങ്ങൾ തന്നെ ആലോചിക്കണമായിരുന്നു. ഇക്കാര്യത്തിൽ നേതൃത്വം നിലപാട് പറയും. പിതാവിൻ്റെ പേരിലുള്ള സംഘടന ആയത് കൊണ്ടാകാം മുഈൻ അലി തങ്ങൾ പങ്കെടുത്തത്. ഇത്തരം സംഘടനാ രൂപീകരണം പാർട്ടി അറിവോടെ അല്ലെന്നും എംകെ മുനീർ വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഹംസയുടെ നേതൃത്വത്തിൽ ലീഗ് വിമതരുടെ യോഗം ചേർന്നത്. നാലോളം ജില്ലകളിലെ ലീഗ് ഭാരവാഹികളും മുൻ എംഎസ്എഫ് നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിൽ മുഈൻ അലി തങ്ങൾ ട്രസ്റ്റ് ചെയർമാനും കെഎസ് ഹംസ ജനറൽ കൺവീനറുമായ ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ രൂപീകരിക്കുകയും ചെയ്തിരുന്നു.
ഈ യോഗത്തിൽ ലീഗ് നേതാക്കൾ പങ്കെടുക്കുന്നതിനെതിരെ നേതൃത്വം വിലർക്കേർപ്പെടുത്തിയിരുന്നു. അത് വകവെക്കാതെയാണ് നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നത്. പാർട്ടി നേതൃത്വത്തിൻ്റെ നിലപാടുകൾക്കെതിരെ നേരത്തെ രംഗത്ത് വന്നിട്ടുള്ള മുതിർന്ന നേതാക്കളാണ് സംഘടനക്ക് രൂപം നൽകിയത്. ചാരിറ്റി പ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും നടത്തുക എന്നതാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഫൗണ്ടേഷൻ്റെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.