കൊല്ലം: വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽപ്രധാനമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് വാശിപിടിക്കരുതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ്ദി പ്രസിൽ പറഞ്ഞു. ഞങ്ങളുടെ കുടുംബത്തിൽ നിന്നുതന്നെയാവണം പ്രധാനമന്ത്രി വേണമെന്ന വാശി ആർക്കും വേണ്ട. കറകളഞ്ഞ പ്രസ്ഥാനമൊന്നുമല്ല കോൺഗ്രസ് എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി വയനാട്ടിൽ വന്ന് മൽസരിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള എംപി പ്രധാനമന്ത്രിയാകുമെന്ന് ജനങ്ങൾ വിശ്വസിച്ചതുകൊണ്ടാണ് യുഡിഎഫിന് 19 സീറ്റ് ലഭിച്ചത്. ആ വികാരത്തിലാണ് ജയിക്കാത്ത സീറ്റിലും യുഡിഎഫ് വിജയിച്ചത്. കോൺഗ്രസിൻ്റെ സാമ്പത്തിക നയം തിരുത്തിക്കാൻ ആർഎസ്പി ഇടപെടും. പാർടി കേരളത്തിൽ മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. ദേശീയതലത്തിൽ ഇടതുപക്ഷത്തിനൊപ്പമാണ്. അത് തുടരും.
ആർഎസ്പി യുഡിഎഫ് മുന്നണി വിടണമെന്ന് പ്രവർത്തകർക്ക് ആവശ്യപ്പെടാം. അതിനൊക്കെ രാഷ്ട്രീയ സാഹചര്യങ്ങളും ഉണ്ടാവണം. രാഷ്ട്രീയമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടായതുകൊണ്ടാണ് 23 വർഷത്തെ എൽഡിഎഫ് ബന്ധം ഉപേക്ഷിച്ചത്. യുഡിഎഫിൽ വന്നപ്പോൾ നിയമസഭ തെരഞ്ഞെടുപ്പിൽ പൂർണമായും തോറ്റു എന്നത് സത്യമാണ്. ജയിക്കുന്ന സീറ്റുകളല്ല ആർഎസ്പിക്ക് ലഭിച്ചത്.