രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോൺഗ്രസിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. കൃത്യമായി പറഞ്ഞാൽ 22 വർഷങ്ങൾക്ക് ശേഷം. ഔദ്യോഗിക പരിവേഷത്തോടെ മത്സരിച്ച ഖാർഗെ വിജയിച്ചു. ആകെ പോൾ ചെയ്ത 9385 വോട്ടുകളിൽ 7897 വോട്ടുകൾ നേടിയാണ് ഖാർഗെയുടെ വിജയം. ശശി തരൂർ പരാജയപ്പെട്ടെങ്കിലും 1072 വോട്ടുകൾ നേടി. 24 വർഷത്തിന് ശേഷമാണ് കോൺഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷൻ ഉണ്ടാകുന്നത്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 9915 വോട്ടർമാരിൽ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
സ്ഥാനാർഥി പ്രഖ്യാപനം മുതൽ വോട്ടെണ്ണുന്നത് വരെ മുതിർന്ന നേതാക്കൾക്കെതിരെ ശശി തരൂർ ആരോപണം ഉന്നയിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഇന്ന് രാവിലെ തെരഞ്ഞെടുപ്പിൽ കള്ളവോട്ടുണ്ടെന്നും ശശി തരൂർ പക്ഷം ആരോപിച്ചു. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികൾ എഐസിസിയിൽ എത്തിക്കാൻ വൈകി. ഇക്കാര്യത്തിൽ അന്വേഷണം വേണം. കേരളത്തിലെ ബാലറ്റ് പെട്ടികൾ കൊണ്ട് പോയതിൽ കൃത്യമായ വിവരം നൽകിയില്ല. തിങ്കളാഴ്ച്ച വരണാധികാരി പരമേശ്വര പെട്ടികൾ കൊണ്ട് പോകും എന്ന് അറിയിച്ചു. എന്നാൽ ഉപ വരണാധികാരി വി കെ അറിവഴകൻ ഇന്നലെയാണ് പെട്ടി കൊണ്ട് പോയതെന്നും തരൂർ വിഭാഗം പരാതിപ്പെട്ടു.
ഔദ്യോഗിക സ്ഥാനാർഥിയായ ഖാർഗെയ്ക്കാണ് കേരളത്തിലെ നേതാക്കൾ ഉൾപ്പടെ പിന്തുണ നൽകിയിരുന്നത്. നാമനിർദേശ പത്രിക തരൂർ പിൻവലിക്കണമെന്ന് തെലുങ്കാന പിസിസി പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ജി 23 നേതാക്കളുടെ പിന്തുണയും തരൂരിന് ഉണ്ടായിരുന്നില്ല. പാർട്ടിക്കുള്ളിൽ ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ച ശശി തരൂരിൻ്റെ ഭാവി എന്താകുമെന്നാണ് ഇനി അറിയേണ്ടത്. അതറിയാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദയുടെ ചരിത്രം മനസിലാക്കിയാൽ മതി. ഇതിന് മുൻപ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത് 2000ലായിരുന്നു. സംഭവ ബഹുലമായിരുന്നു 2000ലെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്. അതിൻ്റെ ചരിത്രം പരിശോധിക്കുകയാണ് ഇവിടെ.
സോണിയാ ഗാന്ധി V/S ജിതേന്ദ്ര പ്രസാദ
1999ൻ്റെ തുടക്കം മുതൽ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ഉയർന്ന കലാപമാണ് 2000ലെ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ശരദ് പവാർ, പി എ സാംഗ്മ, താരിഖ് അൻവർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സോണിയഗാന്ധിക്കെതിരായ പരസ്യപ്പോര്. പോരിനൊടുവിൽ ഈ നേതാക്കൾക്കെല്ലാം പാർട്ടിയിൽ നിന്ന് പുറത്ത് പോകാനോ, പുറത്താക്കപ്പെടാനോ ആയിരുന്നു വിധി. എന്നാൽ കലാപക്കൊടിയുമായി ചിലർ അപ്പോഴും പാർട്ടിയിൽ തുടർന്നു. രാജേഷ് പൈലറ്റ്, ജിതേന്ദ്ര പ്രസാദ തുടങ്ങിയ നേതാക്കളായിരുന്നു സോണിയ ഗാന്ധിയുമായി പോര് തുടർന്നത്. ഇതിനിടെ രാജേഷ് പൈലറ്റ് അപകടത്തിൽ മരിച്ചു. ഇതോടെ ജിതേന്ദ്ര പ്രസാദ വിമതരിൽ പ്രമുഖനായി. ഈ കലാപത്തിന് പരിസമാപ്തി കുറിക്കാൻ ലക്ഷ്യമിട്ടാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2000 നവംബറിലായിരുന്നു തെരഞ്ഞെടുപ്പ്. ഔദ്യോഗിക വിഭാഗത്തിൻ്റെ സ്ഥാനാർത്ഥി സോണിയാ ഗാന്ധിയും വിമത വിഭാഗത്തിനായി ജിതേന്ദ്ര പ്രസാദയും കളത്തിലിറങ്ങി. തെരഞ്ഞെടുപ്പിൽ ജിതേന്ദ്ര പ്രസാദ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. സോണിയ ഗാന്ധി 7,542 വോട്ടുകൾക്ക് വിജയിച്ച തെരഞ്ഞെടുപ്പിൽ ജിതേന്ദ്ര പ്രസാദയ്ക്ക് ലഭിച്ചത് വെറും 94 വോട്ടുകൾ.
തടികേടായ ജിതേന്ദ്ര പ്രസാദ
അന്ന് സോണിയാ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുക അത്ര ചില്ലറ കാര്യമായിരുന്നില്ല. സർവാധികാരങ്ങളുമായി പാർട്ടിയിൽ പിടിമുറുക്കിയ സോണിയാഗാന്ധിക്കെതിരെ മത്സരത്തിന് തയ്യാറായതിൻ്റെ പേരിൽ ജിതേന്ദ്ര പ്രസാദയ്ക്ക് ശാരീരിക ആക്രമണം വരെ നേരിടേണ്ടിവന്നു. നാമനിർദേശ പത്രിക നൽകാൻ എ ഐ സി സി ഓഫീസിലേക്ക് യാത്ര തിരിച്ച ജിതേന്ദ്ര പ്രസാദയ്ക്ക് നേരിടേണ്ടിവന്നത് സോണിയാ ബ്രിഗേഡുകളുടെ ആക്രമണമായിരുന്നു. അങ്ങനെ സ്വന്തം തടികേടാക്കിക്കൊണ്ടായിരുന്നു ജിതേന്ദ്ര പ്രസാദ മത്സരിക്കാൻ തയ്യാറയത് തന്നെ. രാഹുൽ ബ്രിഗേഡിൻ്റെ ഭാഗമായിരുന്ന ജിതിൻ പ്രസാദയുടെ പിതാവാണ് ജിതേന്ദ്ര പ്രസാദ. ജിതിൻ പ്രസാദ അടുത്തിടെയാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയത്.
അന്നും ഇന്നും സാമ്യങ്ങളേറേ
2000ലെയും 2022ലെയും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ കാര്യത്തിൽ ഏറെ സാമ്യതകളുണ്ട്. അതിൽ പ്രധാനം ഈ രണ്ട് തെരഞ്ഞെടുപ്പിനും വഴിയൊരുക്കിയത് ഗാന്ധി കുടുംബത്തിനെതിരായ വികാരമാണെന്നതാണ്. അന്ന് സോണിയാ ഗാന്ധിക്കെതിരായിരുന്നുവെങ്കിൽ ഇന്ന് ആ വികാരം പാർട്ടിയെ റിമോട്ട് കൺട്രോളിൽ നയിക്കുന്ന രാഹുൽഗാന്ധിക്കെതിരെയാണ്. അന്ന് സോണിയാ ഗാന്ധിക്കെതിരെ വിമതശബ്ദമുയർത്തി ശരദ്പവാർ അടക്കമുള്ളവർ പാർട്ടിവിട്ടതോടെയാണ് നേതൃത്വത്തിന് തെരഞ്ഞെടുപ്പിന് വഴങ്ങേണ്ടി വന്നത്. ഇന്നും സ്ഥിതി അതുതന്നെ. ഗുലാം നബി ആസാദ്, കപിൽ സിബൽ അങ്ങനെ അനവധി നേതാക്കൾ പാർട്ടിവിട്ടു. ഇതുണ്ടാക്കിയ പ്രതിസന്ധിയും തിരിച്ചറിവുമാണ് 2022 തെരഞ്ഞെടുപ്പിന് ആധാരം. ഇത് കൂടാതെ വോട്ടർ പട്ടികയെച്ചൊല്ലിയുള്ള തർക്കമാണ് മറ്റൊരു സാമ്യത.
എതിരാളിയുടെ ഭാവി ?
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ ഇന്നലെയെന്തായിരുന്നുവെന്നത് കൗതുകമായിരുന്നുവെങ്കിൽ ഇനി നാളെയെന്താവുമെന്നതിലാണ് ആകാഷയെല്ലാം. മുൻപ് സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദയ്ക്ക് ആ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിൻ്റെ പ്രതികാരങ്ങൾ കാര്യമായി നേരിടേണ്ടി വന്നിട്ടില്ല. കാരണം തെരഞ്ഞെടുപ്പ് നടന്ന രണ്ട് മാസങ്ങൾക്കുള്ളിൽ ജിതേന്ദ്ര പ്രസാദ അന്തരിച്ചു. 2001 ജനുവരിയിലായിരുന്നു അദ്ദേഹത്തിൻ്റെ നിര്യാണം. പക്ഷേ 2022ൽ സ്ഥിതി വ്യത്യസ്തമാണ്. പ്രത്യക്ഷത്തിൽ ഖാർഗെ വിജയിച്ചെങ്കിലും ഗാന്ധി കുടുംബം പിൻസീറ്റ് ഡ്രൈവ് നടത്തുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ചതോടെ പ്രധാന നേതാക്കളുടെ അപ്രീതി പിടിച്ചുപറ്റിയ ശശി തരൂരിൻ്റെ ഭാവി എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തരൂരിൻ്റെ രാഷ്ട്രീയ ഭാവി കൂടിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കപ്പെടാൻ പോകുന്നത്.