കോൺഗ്രസിനെ കേന്ദ്രമന്ത്രിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായിരുന്ന മല്ലികാർജുൻ ഖാർഗെ നയിക്കും. ആകെ പോൾ ചെയ്ത 9385 വോട്ടുകളിൽ 7897 വോട്ടുകൾ നേടിയാണ് ഖാർഗെ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 416 വോട്ടുകൾ അസാധുവായി.
24 വർഷത്തിന് ശേഷമാണ് കോൺഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷൻ. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 9915 വോട്ടർമാരിൽ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മുതിർന്ന നേതാക്കളുടെ പിന്തുണയോടെ ഔദ്യോഗിക പരിവേഷത്തോടെ മത്സരിച്ച ഖാർഗെ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ശശി തരൂരിൻ്റെ സാന്നിധ്യവും പ്രചാരണങ്ങളും ഒരു അട്ടിമറി സാധ്യത നിലനിർത്തിയിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂർ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ. ആയിരത്തിലധികം വോട്ടു നേടിയതോടെ, ഏറെക്കുറെ ഒറ്റയാനായി മത്സരിച്ച തരൂരിനും കരുത്തു തെളിയിക്കാനായി.
രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. എഐസിസി സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന ബാലറ്റ് ബോക്സുകൾ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് പൊട്ടിച്ചതും എണ്ണിയതും. ഇതിനിടെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി തരൂർ ടീം ആരോപിച്ചു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് ക്രമക്കേട് ആരോപിച്ച് തരൂർ പരാതി നൽകിയത്. പുതിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കള്ളവോട്ട്; വരണാധികാരിക്ക് പരാതി നൽകി ശശി തരൂർ പക്ഷം