മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്ക് കുരുക്ക് മുറുകുന്നു. ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐ ടി വകുപ്പിന് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. മുൻകാലങ്ങളിൽ കെ എം ഷാജി അടച്ച നികുതിയുടെ കണക്കും ഇപ്പോഴത്തെ കണക്കും താരതമ്യം ചെയ്ത ശേഷമാണ് വിജിലൻസിൻ്റെ നടപടി.
കഴിഞ്ഞ ദിവസം ഷാജിയുടെ വീട്ടിൽനിന്ന് പിടികൂടിയ 47.65 ലക്ഷം രൂപ സർക്കാരിലേക്ക് കണ്ടുകെട്ടാൻ വിജിലൻസ് നടപടിയെടുത്തിരുന്നു. കണ്ണൂരിലെ വീട്ടിൽ നിന്ന് പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടാണ് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെയാണ് വിജിലൻസ് നടപടി.
അഴീക്കോട് എംഎൽഎയായിരിക്കെ 2016ൽ കെ എം ഷാജി അഴീക്കോട് സ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ 2018 ഏപ്രിലിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ഷാജി കോഴ വാങ്ങിയതായി ആദ്യം ആരോപണം ഉന്നയിച്ചത് മുൻ മുസ്ലിം ലീഗ് നേതാവാണ്.
കഴിഞ്ഞ ഏപ്രിലിൽ ഷാജിയുടെ ഭാര്യ ആശാഷാജിയുടെ 25 ലക്ഷത്തിൻ്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. കോഴിക്കോട് വേങ്ങേരിയിലെ വീടാണ് കണ്ടു കെട്ടിയിരുന്നത്. കോഴയായി ലഭിച്ച 25 ലക്ഷം രൂപ വീട് നിർമ്മാണത്തിന് ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. അഴീക്കോട് സ്കൂളിലെ ഒരു അധ്യാപകനെ സ്ഥിരപ്പെടുത്താനും ഷാജി കോഴ വാങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.