ആർഎസ്എസ് എൻജിഒ എച്ച്ആർഡിഎസിന് വീണ്ടും നോട്ടീസ്. ഒറ്റപ്പാലം സബ് കളക്ടറാണ് വീണ്ടും നോട്ടീസ് അയച്ചത്. അട്ടപ്പാടിയിലെ എച്ച്ആർഡിഎസിൻ്റെ അനധികൃത വീട് നിർമ്മാണം നിർത്തിവെച്ചത് രേഖ മൂലം അറിയിച്ചില്ലെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്.ഗുണനിലവാരം ഇല്ലാത്ത ഇത്തരം വീടുകളിൽ താമസിക്കുന്നത് ആദിവാസികളുടെ ജീവന് തന്നെ ഭീഷണിയായതിനാലാണ് നടപടി.
ഇനി എച്ച് ആർ ഡി എസ് അട്ടപ്പാടിയിൽ വീടുകൾ നിർമിക്കരുതെന്ന് സെപ്റ്റംബർ 30ന് അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ഉത്തരവിറക്കിയിരുന്നു. രണ്ട് ദിവസത്തിനകം വീട് നിർമാണം നിർത്തിയതായി രേഖാമൂലം അറിയിക്കണമെന്നും എച്ച്ആർഡിഎസിന് നോട്ടീസ് അയച്ചിരുന്നു. എച്ച്ആർഡിഎസിനെതിരെ പരാതികൾ ഉയർന്നതിനെ തുടർന്ന് എച്ച്ആർഡിഎസിൻ്റെ പാലക്കാട്ടെയും തൊടുപുഴയിലെയും ഓഫീസുകളിൽ വിജിലൻസ് പരിശോധനകളും നടന്നിരുന്നു.
നേരത്തെ എച്ച്ആർഡിഎസ് ആദിവാസികൾക്ക് നിർമ്മിച്ച് നൽകിയ വീടുകളിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അട്ടപ്പാടിയിൽ എച്ച് ആർ ഡി എസ് നിർമ്മിച്ച് നൽകിയ ഈ വീടുകൾ താമസ യോഗ്യമല്ലെന്നും പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ലാത്തവയാണെന്നുമായിരുന്നു കണ്ടെത്തൽ. വെള്ളമെത്തിക്കുന്നതിനുള്ള മാർഗങ്ങളും വൈദ്യുതിയും അടുക്കളപോലും ഇല്ലാത്ത വീടുകളും ഇതിലുണ്ട്. ഇതേ തുടർന്ന് നിർമാണം പരിശോധിക്കാൻ എസ് സി-എസ് ടി കമ്മീഷനും നിർദേശിച്ചിരുന്നു. ആദിവാസികൾക്കെതിരെ അതിക്രമം നടത്തിയതിനും ആദിവാസികളെ കുടിയൊഴിപ്പിച്ചതിനും എച്ച് ആർ ഡി എസിനെതിരെ കേസുകളുണ്ട്.