ബലാത്സംഗക്കേസിൽ പ്രതിയായ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. കഴിഞ്ഞ മാസം പതിനാലിന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ കോവളം ഗസ്റ്റ് ഹൗസിൽ എത്തിയതിനുളള തെളിവുകൾ പൊലീസിന് ലഭിച്ചു. കോവളം ഗസ്റ്റ് ഹൗസിൽ നടത്തിയ തെളിവെടുപ്പിലാണ് രജിസ്റ്ററിൻ്റെ പകർപ്പ് പോലീസിന് ലഭിച്ചത്. എൽദോസിന് അനുവദിച്ചത് 9,10 റൂമുകൾ ആയിരുന്നു. ആഗസ്റ്റ് 5, 6 തിയതികളിലും എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്നു. അന്ന് യുവതിയുമായി എംഎൽഎ ഗസ്റ്റ് ഹൗസിൽ എത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി.
അതേസമയം എംഎൽഎക്കെതിരെ വധശ്രമത്തിനും കേസെടുത്തു. കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നൽകിയത്. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി. ഇന്നലെ പരാതിക്കാരിയുടെ വീട്ടിൽ നിന്ന് എംഎൽഎയുടെ വസ്ത്രങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു. എൽദോസ് ഉപയോഗിച്ച മദ്യക്കുപ്പികളും കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു. ഒളിവിൽ കഴിയുന്ന എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷണസംഘം നടത്തുന്നുണ്ട്.