ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിൻ്റെ അലയൊലികൾ അവസാനിക്കുന്നില്ല. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുകയാണ്. വമ്പൻ താരനിര നിറഞ്ഞ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് കൊടൂര വില്ലനായ റോളക്സിനെ അവതരിപ്പിച്ച നടൻ സൂര്യ തന്നെയാണ്. നടൻ്റെ അപ്രതീക്ഷിത എൻട്രിയും തരിപ്പിക്കുന്ന അഭിനയ പ്രകടനവും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നത് കൂടിയാണ്.
ചിത്രത്തിൻ്റെ വൻ വിജയത്തിന് ശേഷം കേന്ദ്രകഥാപാത്രത്തിലെത്തിയ ഉലകനായകൻ കമൽഹാസൻ നടൻ സൂര്യയ്ക്ക് റോളക്സ് വാച്ചും സമ്മാനിച്ചിരുന്നു. ഇതിലൂടെ വെളിപ്പെട്ടത് ഇരുവരും തമ്മിലുള്ള ആത്മബന്ധം കൂടിയാണ്. എന്നാൽ ഇപ്പോൾ ‘വിക്ര’മിൽ അഭിനയിക്കുന്നില്ലെന്നാണ് താൻ ആദ്യം തീരുമാനിച്ചിരുന്നതെന്ന് സൂര്യ പറയുന്നു.
2022 ഫിലിം ഫെയർ അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുന്നതിനിടയിലാണ് സൂര്യ മനസ് തുറന്നത്. ‘കൈതി’ രണ്ടാം ഭാഗത്തിന് ശേഷമായിരിക്കും ‘വിക്രം 2’ ഒരുങ്ങുകയെന്ന് ലഭിക്കുന്ന വിവരം.
സൂര്യയുടെ വാക്കുകൾ;
‘സിനിമയിലേക്ക് ഇല്ല, വേണ്ട ഞാൻ ചെയ്യുന്നില്ലെന്ന് പറയാനാണ് ലോകേഷിൻ്റെ ഫോൺ എടുത്തത്. എന്നാൽ അദ്ദേഹം പറഞ്ഞത് ഇത് ചെയ്യണമെന്നാണ്. അവസാന നിമിഷം എടുത്ത തീരുമാനമായിരുന്നു അത്. അതിന് കാരണം കമൽ ഹാസൻ എന്ന വ്യക്തിയാണ്. ഞാൻ ഇന്ന് ഇവിടെ എത്തി നിൽക്കുന്നതിൽ അദ്ദേഹം നൽകിയ പ്രചോദനം വളരെ വലുതാണ്. എല്ലാവരും എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി. ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത സ്വീകരണമാണ് റോളക്സിന് ലഭിച്ചത്. റോളക്സ് ഇനി വീണ്ടും എന്ന് വരുമെന്നുള്ളത് പറയാനാകില്ല. വരുവാണെങ്കിൽ ഞാൻ തീർച്ചയായും അവതരിപ്പിക്കും.