മുംബൈ: റോജർ ബിന്നി ബിസിസിഐയുടെ പുതിയ അദ്ധ്യക്ഷനായി ചുമതലയേറ്റു. സൗരവ് ഗാംഗുലിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ബിസിസിഐയുടെ 36-ാമത് പ്രസിഡന്റായി ബിന്നി അധികാരമേറ്റത്. മുംബൈയിൽ നടന്ന ബിസിസിഐ ജനറൽ ബോഡി യോഗത്തിലായിരുന്നു അധികാര കൈമാറ്റം. 1983 ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു റോജർ ബിന്നി. അതേസമയം, ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ മകൻ ജയ് ഷായ ബിസിസിഐ സെക്രട്ടറിയായി തുടരും.
റോജർ ബിന്നി മാത്രമാണ് ബിസിസിഐ പ്രസിഡൻറ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. ബിസിസിഐയിലെ മറ്റ് സ്ഥാനങ്ങളിലേക്കും മത്സരമുണ്ടായിരുന്നില്ല. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ആരെയും ഇതുവരെ ബിസിസിഐ നിർദേശിച്ചിട്ടില്ല. ബിസിസിഐ ട്രഷററായി അരുൺ ധുമലിനെ മാറ്റി ബിജെപി എംഎൽഎ ആശിഷ് ഷേലാറിനെ നിയമിക്കുകയും ചെയ്തു.
പുതിയ ഭരണസമിതിയും ചുമതലയേറ്റു. ഐപിഎൽ ചെയർമാൻ പദവി വാഗ്ദാനം ചെയ്തെങ്കിലും സ്ഥാനം ഏറ്റെടുക്കാൻ ഗാംഗുലി തയ്യാറായില്ല. അതേസമയം ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തുടരും. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി.
1983 ലോകകപ്പ് ടീം അംഗമായിരുന്ന ബിന്നി, ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളർ റോജർ ബിന്നിയായിരുന്നു. ബിസിസിഐ സിലക്ഷൻ കമ്മിറ്റി അംഗമായും റോജർ ബിന്നി പ്രവർത്തിച്ചിട്ടുണ്ട്. ബോളിങ് ഓൾറൗണ്ടറായിരുന്ന ബിന്നി ഇന്ത്യയ്ക്കായി 27 ടെസ്റ്റ്, 72 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 47 ഉം ഏകദിനത്തിൽ 77 ഉം വിക്കറ്റുകൾ വീഴ്ത്തി.