എകെജി സെൻ്റർ ആക്രമണ കേസിൽ ഒളിവിലുള്ള പ്രതികൾക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ഡ്രൈവർ സുബീഷ്, ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് നവ്യ ടി, എന്നിവർക്ക് എതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ക്രൈംബ്രാഞ്ച് എസ് പി ലുക്ക് ഔട്ട് നോട്ടീസ് വിമാനത്താവളങ്ങൾക്ക് കൈമാറി.
കഴിഞ്ഞ ദിവസം സുഹൈൽ ഷാജഹാനെയും നവ്യയെയും അന്വേഷണസംഘം കേസിൽ പ്രതിചേർത്തിരുന്നു. ഇവർക്കെതിരെ ഗൂഡാലോചനാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതിയായ ജിതിൻ പിടിയിലായതിന് പിന്നാലെയാണ് ഇവർ ഒളിവിൽ പോയത്. സുഹൈൽ ഷാജഹാൻ വിദേശത്തേക്ക് കടന്നതായാണ് വിവരം.
ജിതിൻ്റെ അടുത്ത സുഹൃത്തായ നവ്യ കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആറ്റിപ്ര വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. മുഖ്യപ്രതിയായ ജിതിൻ ഉപയോഗിച്ച സ്കൂട്ടർ സുഹൈൽ ഷാജഹാൻ്റെ ഡ്രൈവറുടെ സ്കൂട്ടറാണ്. ജിതിൻ എകെജി സെൻ്റർ ആക്രമിച്ചതിന് പിന്നാലെ ആക്രമണത്തിന് സ്കൂട്ടർ ഓടിച്ച് കഴക്കൂട്ടം ഭാഗത്തേക്ക് പോയത് നവ്യയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ജൂൺ മുപ്പതിന് രാത്രിയാണ് സ്കൂട്ടറിൽ എത്തിയ ജിതിൻ എകെജി സെൻ്ററിൽ സ്ഫോടകവസ്തുവെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെൻ്ററിൽ ഉഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് നേതൃത്വമാണെന്ന് സിപിഎം അന്നേ ആരോപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് അത് നിഷേധിക്കുകയായിരുന്നു. കേസിൽ പിടിക്കപെട്ടവരും പ്രതി ചേർത്തവരുമെല്ലാം യൂത്ത് കോൺഗ്രസ് നേതാക്കളായതോടെ കോൺഗ്രസിൻ്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു.
പ്രതികള്‍ സുധാകരൻ്റെ ‘കുട്ടികള്‍’ തന്നെ; ആക്രമണം ഉന്നതരുടെ അറിവോടെയാണെന്ന് സംശയം ബലപ്പെടുന്നു