ബിജെപിയുടെ തൊഴിലാളി യൂണിയനായ ബിഎംഎസ് പ്രവർത്തകരുടെ പിടിവാശി മൂലം മിനിലോറിയിൽ കൊണ്ടുവന്ന ടൈൽസ് ലോഡ് ഒറ്റയ്ക്ക് ഇറക്കി വീട്ടമ്മ. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. പൗഡിക്കോണം സ്വദേശി ദിവ്യയ്ക്കാണ് ബിഎംഎസ് പ്രവർത്തകരിൽ നിന്ന് ദുരനുഭവമുണ്ടായയത്. തിരുവനന്തപുരം നഗരസഭ അനുവദിച്ച വീട് നിർമ്മാണത്തിന് എത്തിച്ച ടൈൽ ഇറക്കാൻ വീട്ടമ്മയോട് ബിഎംഎസ് യൂണിയൻ അമിത കൂലി ആവശ്യപ്പെടുകയായിരുന്നു.
ലോഡിറക്കാൻ വീട്ടമ്മയോട് ബിഎംഎസ് യൂണിയൻ പതിനായിരം രൂപയാണ് ആവശ്യപ്പെട്ടത്. അത്രയും പണം നൽകാനില്ലാത്തതിനാൽ വീട്ടമ്മ ഒറ്റയ്ക്ക് ലോഡ് ഇറക്കുകയായിരുന്നു. അഞ്ച് വർഷം മുൻപെ ഭർത്താവ് മരിച്ചതിനെ തുടർന്ന് കേശവദാസപുരത്തെ കണ്ണാശുപത്രിയിലെ കാന്റീനിൽ ജോലി ചെയ്താണ് ദിവ്യ കുടുംബം പുലർത്തുന്നത്. ദിവ്യയെ സഹായിക്കാൻ സഹോദരെപോലും ബിഎംഎസ് പ്രവർത്തകർ അനുവദിച്ചില്ലെന്ന് സഹോദരൻ്റെ ഭാര്യ പറഞ്ഞു. ദിവ്യയുടെ സഹോദരനാണെന്ന് പറഞ്ഞെങ്കിലും ബിഎംഎസ് പ്രവർത്തകർ സമ്മതിച്ചില്ല. വീട്ടുടമയേ ലോഡ് ഇറക്കാവൂ എന്ന് ബിഎംഎസ് പ്രവർത്തകർ താക്കീത് ചെയ്തു.
നിർധനയായ യുവതിയിൽ നിന്ന് അമിത കൂലി ആവശ്യപ്പെട്ട സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. ബിഎംഎസ് യൂണിയൻ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് സിപിഎം പൗഡിക്കോണം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.