സംസ്ഥാനത്തെ ആദ്യ ഖാദി റെഡിമെയ്ഡ് യുണിറ്റ് ഉദ്ഘാടനം ചെയ്ത് വ്യവസായമന്ത്രി പി രാജീവ്. എറണാകുളം ജില്ലയിലെ കുന്നുകരയിലാണ് ആദ്യ ഖാദി റെഡിമെയ്ഡ് വസ്ത്രനിർമാണ യുണിറ്റ് ആരംഭിച്ചത്. സംസ്ഥാനത്ത് എല്ലാ ജില്ലയിലും റെഡിമെയ്ഡ് ഖാദി വസ്ത്രനിർമാണ യൂണിറ്റുകൾ തുടങ്ങുമെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു. യൂണിറ്റിൽ 10 വനിതകൾക്ക് നേരിട്ട് തൊഴിൽ ലഭിക്കും. കൂടുതൽപേർക്ക് തൊഴിൽ ലഭിക്കുംവിധം യൂണിറ്റ് വിപുലീകരിക്കും.
പരമ്പരാഗത രീതിയിൽ നിന്ന് മാറി പുതിയ നിർമ്മാണരീതിയിൽ വൈവിധ്യമാർന്ന വസ്ത്രങ്ങളാണ് ഇപ്പോൾ ഖാദി ബോർഡ് വിപണിയിലെത്തിക്കുന്നത്. വിവാഹവസ്ത്രങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഡോക്ടര്‍––നഴ്സസ് കോട്ടുകൾ എന്നിവ വിപണിയിൽ എത്തിച്ചുകഴിഞ്ഞു. ഫാഷൻ ഡിസൈനിങ്ങിൽ താൽപ്പര്യമുള്ള കുട്ടികളെ കണ്ടെത്തി വസ്ത്രയൂണിറ്റിനൊപ്പം ചേർക്കാനും ഇവർക്ക് പരിശീലനം നൽകുന്നതിനുള്ള സൗകര്യവും ഒരുക്കാനും മന്ത്രി നിർദേശിച്ചു. 42 കോടി രൂപയുടെ ഖാദിവസ്ത്രങ്ങൾ ഈ വർഷം ഇതിനകം വില്‍പ്പന നടത്തി. സംരംഭകത്വവർഷം പദ്ധതി ആറുമാസം പിന്നിടുമ്പോൾ 69,714 സംരംഭങ്ങൾ സംസ്ഥാനത്തൊട്ടാകെ ആരംഭിച്ചു. ഇതുവഴി 1.53 ലക്ഷംപേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുകയും 4370 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുകയും ചെയ്തു. ഈ പദ്ധതിയിൽ ഖാദിമേഖലയിൽ 7000 സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.