വീണ്ടും വിവാദ പരാമർശവുമായി വിശ്വ ഹിന്ദു പരിഷത്. ഗുഡ്ഗാവിൽ പള്ളി പുനർനിർമിച്ചത് മുസ്ലിങ്ങളുടെ ‘ലാൻഡ് ജിഹാദാണെന്നാണ് വിശ്വ ഹിന്ദു പരിഷത്തിൻ്റെ ആരോപണം. പള്ളി പുനർനിർമിക്കുന്നത് മുസ്ലിങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമാണ്. മൗലവിമാരോട് സാധനങ്ങൾ പാക്ക് ചെയ്തുവെക്കാനും വിശ്വ ഹിന്ദു പരിഷത് പറഞ്ഞു. മനേസറിൽ വിശ്വ ഹിന്ദു പരിഷത് സംഘടിപ്പിച്ച തൃപ്പൂൽ ദീക്ഷ എന്ന പരിപാടിക്കിടെയായിരുന്നു മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയത്.
കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുഡ്ഗാവിലെ പള്ളി ഹിന്ദുത്വവാദികൾ ആക്രമിച്ചിരുന്നു. ഇരുന്നൂറിലധികം പേരടങ്ങുന്ന സംഘമാണ് പള്ളിക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. പള്ളിയിൽ നമസ്കരിക്കുകയായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയും സംഘം ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി.എച്ച്.പിയുടെ പരാമർശം.
’12-13 വർഷങ്ങൾക്ക് മുമ്പ്, മൂന്ന് മുസ്ലിം കുടുംബങ്ങളാണ് ഭോരാ കാലാനിലെ ആടിനെ മേയ്ക്കാനുള്ള സ്ഥലത്ത് നമസ്കരിക്കാനുള്ള അനുവാദം തേടിയത്. ഒരു മൗലവിയോ പുറത്തുനിന്നുള്ളവരോ പ്രദേശത്തേക്ക് നമസ്കരിക്കാൻ വരില്ലെന്ന ധാരണ അന്നുണ്ടായിരുന്നു. പക്ഷേ, പതുക്കെ പുറത്തുനിന്നുള്ള ആളുകൾ വന്നു തുടങ്ങി. ഇഷ്ടികകൾ എടുത്തുമാറ്റി പള്ളി പണിയാൻ ശ്രമിച്ചു. ആരെങ്കിലും നിങ്ങളുടെ വീട്ടിൽ മസ്ജിദ് പണിയാൻ ശ്രമിച്ചാൽ നിങ്ങൾ സമ്മതിക്കുമോ?
ഭോരാ കലനിൽ സംഭവിച്ചത് നാളെ ഗുഡ്ഗാവിലും മനേസറിലും ഹരിയാനയിലും രാജ്യത്തെ എവിടെയും സംഭവിക്കാം. അവർ രാജ്യത്തെ മുഴുവൻ മതപരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. അവരെ ഒരു പാഠം പഠിപ്പിച്ച ഭോരാ കാലൻ ജനതയെ ഞാൻ അഭിനന്ദിക്കുന്നു. മൗലവിമാർ അവരുടെ സാധനങ്ങൾ കെട്ടുകെട്ടി പോകാൻ തയ്യാറായിക്കോളൂ എന്നായിരുന്നു വി.എച്ച്.പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയ്നിൻ്റെ പരാമർശം.