ദീപക് രാജു
പണ്ട് നാട്ടിൽ അമ്പയറന്തോണി എന്നൊരു കഥാപാത്രം ഉണ്ടായിരുന്നു. അഞ്ചിലോ ആറിലോ പഠിക്കുന്ന പിള്ളേര് ക്രിക്കറ്റ് കളിക്കുമ്പോ സ്ഥിരം അമ്പയർ ആയിരുന്നു അന്ന് അഞ്ചിൽ പഠിക്കുന്ന അന്തോണി. ഈ അമ്പയർ സ്ഥാനം അന്തോണിക്ക് അങ്ങനെ വെറുതെ കിട്ടിയതല്ല. ഏറെ നാളത്തെ പരിശ്രമത്തിലൂടെ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും തൻ്റെ കഴിവില്ലായ്മ തെളിയിച്ച് നേടിയെടുത്തതാണ്.
എല്ലാ ദിവസവും കളി തുടങ്ങാറാകുമ്പോ അന്തോണി ഗ്രൗണ്ടിൽ വരും. ബാറ്റ് ഉടമസ്ഥതയുടെയും വിജയസാധ്യതയുടെയും അടിസ്ഥാനത്തിൽ ബാറ്റിങ് വീതം വയ്ക്കുമ്പോ അന്തോണിക്ക് നറുക്ക് വീഴില്ല. അന്തോണി എറിയുന്ന പന്ത് മിനിമം മൂന്ന് തവണ നിലത്ത് കുത്താതെ ക്രീസിൽ എത്തില്ല എന്നതുകൊണ്ട് ബോളിങ്ങും കിട്ടില്ല. അങ്ങനെ ആരും ടീമിൽ എടുക്കാത്ത അന്തോണിക്ക് “കോമൺ ഫീൽഡർ” എന്ന തസ്തികയിലാണ് ആദ്യം നിയമനം കിട്ടിയത്. ലാസ്റ്റ് വിക്കറ്റ് റൺ ഔട്ട് എടുക്കാൻ ഓടുന്ന ഫീൽഡറെ പിടിച്ച് നിർത്തി “അവൻ ഔട്ടായാൽ ഞാനിറങ്ങും കേട്ടോ” എന്ന് പറഞ്ഞ്, റൺ ഔട്ട് മിസ് ആക്കി കളിയിൽ നിർണായക വഴിത്തിരിവ് ഉണ്ടാക്കിയതോടെ ആ പണി തെറിച്ചു.
പിന്നെ എപ്പോഴോ അന്തോണിയെ അമ്പയർ ആക്കാനുള്ള പ്രമേയം ഐക്യകണ്ഡേന പാസാക്കപ്പെട്ടു.
അമ്പയർ പണി അന്തോണിക്ക് നന്നേ ബോധിച്ചു. ഏത് മുന്തിയ ബാറ്റ്സ്മാൻ ആയാലും താൻ വിരലുയർത്തിയാൽ ഔട്ടാണ്. തൻ്റെ വിരലിലാണ് കളി തിരിയുന്നത്. ആദ്യമൊക്കെ സംശയമുള്ളപ്പോൾ കളിക്കാരുടെ മുഖഭാവമൊക്കെ വായിച്ച് ഒരു തീരുമാനത്തിൽ എത്തുമെങ്കിലും, പിന്നെ കോൺഫിഡൻസ് വന്നതോടെ അന്തോണി തന്നിഷ്ടപ്രകാരം കൈ ഉയർത്തി തുടങ്ങി. തേഡ് അമ്പയർ ഇല്ലാത്തതുകൊണ്ടും, എതിർ ടീം മാത്രമല്ല സ്വന്തം ടീമിൻ്റെ അടുത്ത ബാറ്റ്സ്മാനും അന്തോണിയെ സപ്പോർട്ട് ചെയ്യുന്നതിനാലും അന്തോണി വിരലുയർത്തിയാൽ ബാറ്റ്സ്മാൻമാർ ഔട്ട് സമ്മതിച്ചു പോന്നു.
സച്ചിൻ നല്ല ബാറ്റിങാണെന്ന് എങ്ങാനും ആരെങ്കിലും പറഞ്ഞാൽ അന്തോണി പറയും, “ഓ എന്നാ ബാറ്റിങ്? ഞാനെങ്ങാനും ഉണ്ടാരുന്നെങ്കിൽ ദേ ഈ വിരൽ പൊക്കുന്നത് വരെയേ ഉള്ളൂ അവന്റെ ഷോ”.
ഒരിക്കൽ അന്തോണിയും ടീമുകളും ഗ്രൗണ്ടിൽ എത്തിയപ്പോൾ അവിടെ സ്ഥലത്തെ പ്രധാന കോളേജുകൾ തമ്മിൽ ഒരു മത്സരം നടക്കുന്നു. അഞ്ചാം ക്ലാസുകാരും കോളേജുകാരും തമ്മിൽ ഒരു കശപിശ വേണ്ട എന്ന തന്ത്രപരമായ തീരുമാനത്തിലെത്തിയ അഞ്ചാം ക്ലാസുകാർ കളി കാണാൻ തീരുമാനിച്ചു. കുറെ കഴിഞ്ഞപ്പോ ഗ്രൗണ്ടിന്റെ മൂലയ്ക്കിരുന്ന് കളി കാണുന്ന അന്തോണിയുടെ കൈക്കൊരു പെരുപ്പ്. അന്തോണി വിരലുയർത്തി.
ഒന്നും സംഭവിച്ചില്ല.
ബോളർ പന്തെറിഞ്ഞു. ബാറ്റ്സ്മാൻ ബാറ്റ് വീശി. ഫീൽഡേഴ്സ് ഓടി.
അന്തോണിക്ക് കലി കയറി. അന്തോണി പൊക്കിപ്പിടിച്ച വിരലുമായി ഗ്രൗണ്ടിന്റെ നാടുവിലേക്കോടി.
“മാറി നിക്ക് മോനേ”, ആരോ പറഞ്ഞു.
അന്തോണി അനങ്ങിയില്ല.
“മാറി നിൽക്ക് *#%* മോനേ”, ആരോ പറഞ്ഞു.
അന്തോണി അനങ്ങിയില്ല.
ആരോ അന്തോണിയെ പൊക്കിയെടുത്ത് ഗ്രൗണ്ടിൻ്റെ ഒരു മൂലയ്ക്ക് നിക്ഷേപിച്ചു. കളി തുടർന്നു.
“ഫൗളാണ്. ഞാൻ വിരൽ പൊക്കിയാൽ ബാറ്റ്സ്മാൻ ഔട്ടാണ്. ഞാൻ ഐസിസിക്ക് പരാതികൊടുക്കും” എന്നൊക്കെ അന്തോണി ഇപ്പോഴും ഇടയ്ക്കിടെ പറയാറുണ്ടത്രേ.
ഈ വിഷയത്തിൽ പരാതി ഉന്നയിക്കാൻ അമ്പയറന്തോണി ഗവർണറെ കാണും.
രാജ്ഭവനില്‍ ഗവര്‍ണര്‍ക്ക് ആര്‍എസ്എസിൻ്റെ വൈറ്റ് റൂം ടോര്ച്ചറെന്ന് ഐസക്