മലയാളികളുടെ പ്രിയങ്കരിയായ മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കുന്നു. ടുമോറോ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ രചനയും നിർമാണവും സംവിധാനവും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളിയായ ജോയ് കെ. മാത്യുവാണ്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ഏഴ് കഥകൾ ഉൾപ്പെടുത്തിയുള്ള ആന്തോളജി ചിത്രമാണ് ടുമോറോ. ചിത്രത്തിൽ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. ലോകത്തെ വിവിധ സ്ഥലങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. സഹകരണത്തിൻ്റെയും സ്നേഹത്തിൻ്റെയും സഹായത്തിൻ്റെയും ഉജ്ജ്വല മുഹൂർത്തങ്ങളാവുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിൻ്റെ പ്രമേയമാകുന്നത്. നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കോളനി എന്ന സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് മാറി നിൽക്കുമ്പോഴാണ് മോളിക്ക് പുതിയ അവസരം തേടിയെത്തിയത്.
മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലൻ, സാസ്കിയ, പീറ്റർ, ജെന്നിഫർ, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. ആദം കെ. അന്തോണി, ജെയിംസ് ലെറ്റർ, സിദ്ധാർഥൻ, കാതറിൻ, സരോജ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. എലിസബത്ത്, മേരി ബലോലോങ് എന്നിവരാണ് മേക്കപ്പ്. വസ്ത്രാലങ്കാരം അനീറ്റ, സംഗീതം മൈക്കിൾ മാത്സൺ.