ഹിന്ദി അടച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തെഴുതി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനഭാഷ ഹിന്ദിയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ പാർലമെൻ്ററി സമിതി നിർദേശത്തിൽ സ്റ്റാലിൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
1965ൽ ഒട്ടേറെ യുവാക്കൾ ജീവൻ ബലികൊടുത്ത ഭാഷാസമരത്തെപ്പറ്റിയും സ്റ്റാലിൻ കത്തിൽ ഓർമിപ്പിക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം അപ്രായോഗികവും രാജ്യത്തെ ഭിന്നിപ്പിക്കുന്നതുമാണ്. ഇന്ത്യയുടെ ബഹുഭാഷാ സംസ്കാരം ജനാധിപത്യത്തിന്റെ ഉജ്ജ്വല മാതൃകയാണ്. വ്യതിരിക്തതകളെ കേന്ദ്രസർക്കാർ അംഗീകരിക്കണം. എല്ലാ ഭാഷകൾ സംസാരിക്കുന്നവർക്കും തുല്യാവസരം കിട്ടണം. എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളേയും ഔദ്യോഗിക ഭാഷകളായി അംഗീകരിക്കണം. ഇംഗ്ലീഷിന്റെ ഔദ്യോഗിക ഉപയോഗം ഉറപ്പാക്കുമെന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഉറപ്പ് പാലിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
കേന്ദ്രത്തിൻ്റെ ഈ നീക്കം ഫെഡറൽ തത്വങ്ങൾക്ക് എതിരും നാനാത്വത്തെ ഹനിക്കുന്നതുമാണ്. രാജ്യത്ത് ഹിന്ദി സംസാരിക്കുന്നവരേക്കാൾ അല്ലാത്തവരാണ് കൂടുതലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ ഡിഎംകെ യുവജന വിഭാഗം നേതാവും എംഎൽഎയുമായ ഉദയനിധി സ്റ്റാലിനും രംഗത്തെത്തി. ഡിഎംകെ എന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ ചെറുത്തിട്ടുണ്ട്. അത് പാർട്ടിയുടെ പ്രധാന തത്വങ്ങളിലൊന്നാണ്. തമിഴ്നാട് ഒരിക്കലും ഈ നീക്കത്തെ അംഗീകരിക്കില്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.