ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം പാർട്ടി കോൺഗ്രസ് തുടരുന്നു. തായ്വാൻ പ്രശ്നം പുതിയ കാലത്തിനനുസൃതമായി പരിഹരിക്കുമെന്ന് പ്രതിനിധി സമ്മേളനോദ്ഘാടനത്തിനിടെ ജനറൽ സെക്രട്ടറി ഷി ജിൻ പിങ്. സമഗ്രാധിപത്യത്തിനും അധിനിവേശത്തിനും ചൈന ശ്രമിക്കില്ലെന്നും ഷി ജിൻ പിങ്ങിൻ്റെ പ്രഖ്യാപനം. ഈ മാസം 22ന് സമ്മേളനം കൊടിയിറങ്ങും. പരസ്പര സഹകരണത്തിനും പരസ്പരമുള്ള മെച്ചപ്പെടലിനുമായി മറ്റ് രാജ്യങ്ങളുമായി തുറന്ന മനസ്സാണ് ചൈനയ്ക്കുള്ളത്. അതിനുള്ള പരിശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചൈന തുടരുമെന്നാണ് പാർട്ടി ജനറൽ സെക്രട്ടറിയും ചൈനയുടെ പ്രസിഡൻറുമായ ഷി ജിൻ പിങ് പറഞ്ഞത്.
തായ്വാൻ പ്രശ്നം പുതിയ കാലത്തിനനുസൃതമായി പരിഹരിക്കുമെന്നും ദേശീയ പുനരേകീകരണത്തിനുള്ള പരിശ്രമങ്ങൾ തുടരുമെന്നും പ്രതിനിധി സമ്മേളനോദ്ഘാടനത്തിനിടെ വ്യക്തമാക്കി. എന്നാൽ, സമഗ്രാധിപത്യത്തിനും അധിനിവേശത്തിനും ചൈന ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടികൾ സമ്മേളനത്തിന് അഭിവാദ്യമറിയിക്കുന്നുണ്ട്. സമ്മേളന സ്മരണക്കായി രണ്ട് ദേശീയ സ്റ്റാമ്പുകളും ചൈന പുറത്തിറക്കി. പീപ്പിൾസ് ഗ്രേറ്റ് ഹാളിൽ തുടരുന്ന പാർട്ടി കോൺഗ്രസിൽ വിവിധ വിഷയങ്ങളിലെ പ്രതിനിധി സമ്മേളന ചർച്ചകൾ തുടരുകയാണ്.