ആർപ്പും ആരവവുമായി കെപിസിസി പ്രസിഡൻ്റ് സ്ഥാനമേറ്റ കെ സുധാകരൻ ബാധ്യതയാകുന്നുവെന്ന് കോൺഗ്രസിലും യുഡിഎഫിലും പൊതുവികാരം. പത്രക്കാരോട് ലക്കും ലഗാനുമില്ലാതെ എന്തും വിളിച്ചു പറയുകയും വിവാദമാകുമ്പോൾ മാപ്പു പറയുകയും ചെയ്യുന്ന ശീലം കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തിൻ്റെ വില കളഞ്ഞു എന്നാണ് വിലയിരുത്തൽ. ഏറ്റവുമൊടുവിൽ ശ്രീരാമൻ്റെ പേരു പറഞ്ഞ് ലക്ഷ്മണനെക്കുറിച്ച് അശ്ലീലക്കഥയുണ്ടാക്കി തെക്കൻ കേരളത്തെ അധിക്ഷേപിച്ചതും മുസ്ലിംലീഗിനെ പ്രകോപിപ്പിക്കുംവിധം അഭിമുഖത്തിൽ പ്രതികരിച്ചതുമൊക്കെ ഗ്രൂപ്പുഭേദമെന്യേ സുധാകരനോട് നീരസമുണ്ടാക്കിയിട്ടുണ്ട്. ബോധമുള്ള ആരെങ്കിലും ഇങ്ങനെയൊക്കെ പറയുമോ എന്നാണ് യുഡിഎഫ് നേതാക്കൾ പരസ്പരം ചോദിക്കുന്നത്.
വിവാദങ്ങളുണ്ടാകുമ്പോൾ പറഞ്ഞത് പരസ്യമായി വിഴുങ്ങി തടിയൂരുന്നത് സുധാകരൻ ഇതാദ്യമായല്ല. മുഖ്യമന്ത്രിയെ പണ്ട് ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി വീഴ്ത്തിയെന്ന് വീമ്പടിച്ചത് വിവാദമായപ്പോഴും ഇതു തന്നെയാണ് ചെയ്തത്. ലേഖകൻ ചതിച്ചതാണ് എന്നായിരുന്നു അന്നത്തെ വിശദീകരണം.
സുധാകരൻ്റെ ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖം രാഷ്ട്രീയമായും സംഘടനാപരമായും സാമൂഹ്യമായും തങ്ങൾക്ക് ദോഷം ചെയ്യും എന്ന് യുഡിഎഫ് നേതാക്കൾ അംഗീകരിക്കുന്നു. സ്വന്തം പാളയത്തിൽ നിന്ന് ഒരു പിന്തുണയും കിട്ടാതെ വന്നപ്പോൾ പരാമർശങ്ങൾ പിൻവലിച്ചു മാപ്പു പറഞ്ഞെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയെന്ന അഭിപ്രായം സുധാകരൻ്റെ ഉറ്റ അനുയായികൾക്കുപോലുമുണ്ട്. ഒരാൾ പോലും അദ്ദേഹത്തെ ന്യായീകരിക്കുന്നില്ല.
മുസ്ലിംലീഗ് യുഡിഎഫ് വിട്ടാലും ഒന്നും സംഭവിക്കില്ലെന്നും സിപിഐ അടക്കമുള്ള കക്ഷികൾ ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേരാൻ തയ്യാറാണ് എന്നുമൊക്കെയാണ് സുധാകരൻ തട്ടിവിട്ടത്. കുഞ്ഞാലിക്കുട്ടിയെ വ്യക്തിപരമായി നോവിക്കുന്ന പരാമർശവും അഭിമുഖത്തിലുണ്ട്. അതിലുള്ള നീരസം അദ്ദേഹം സുധാകരനെ നേരിട്ട് അറിയിച്ചുവെന്നാണ് വിവരം. താൻ പറയാത്തതാണ് പത്രം പ്രസിദ്ധീകരിച്ചത് എന്ന സുധാകരൻ്റെ വിശദീകരണം ലീഗിനെ തൃപ്തിപ്പെടുത്തിയിട്ടില്ല.
സംഘടനാപരമായി കോൺഗ്രസിനു പുതുജീവൻ നൽകാൻ സുധാകരനു കഴിയുമെന്ന പ്രതീക്ഷയും മങ്ങിയിട്ടുണ്ട്. കൊട്ടിഗ്ഘോഷിച്ച സെമി കേഡർ സംവിധാനം എങ്ങുമെത്തിയില്ല. എകെജി സെൻ്റർ ആക്രമണക്കേസിലെ പ്രതികൾക്കെല്ലാം സുധാകരനുമായി നേരിട്ടു ബന്ധമുള്ളതും കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
തെക്കൻ കേരളത്തിലുള്ളവരെ അധിക്ഷേപിക്കാൻ സീതയെ ലക്ഷ്മണൻ മോഹിച്ചുവെന്നൊരു കള്ളക്കഥയുണ്ടാക്കിയതിനുള്ള തിരിച്ചടി മാരകമായിരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം ഭയക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇപ്പോൾ കോൺഗ്രസിന് നാലു സീറ്റേയുള്ളൂ. അതേസമയം ഈ ജില്ലകളിലായി അഞ്ച് എംപിമാർ കോൺഗ്രസിനുണ്ട്. ഒരു ജനതയുടെ സ്വഭാവശുദ്ധിയെ അധിക്ഷേപിച്ചതിനെതിരെ ഉയർന്ന ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ ഈ സീറ്റുകളിൽ ചിലത് യുഡിഎഫിന് നഷ്ടമായേക്കും. ആറ്റിങ്ങൽ, കൊല്ലം, മാവേലിക്കര സീറ്റുകൾ തിരിച്ചുപിടിക്കുക എൽഡിഎഫിന് അത്രബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് യുഡിഎഫനുമറിയാം.
സുധാകരൻ്റെ വീമ്പടികൾ ഒന്നൊഴിയാതെ ചീറ്റിപ്പോകുന്നതിൻ്റെ സന്തോഷം രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും അനുയായികൾ മറച്ചുവെയ്ക്കുന്നില്ല. കെപിസിസി പ്രസിഡൻ്റ് ഓരോ തവണ മാപ്പു പറയുമ്പോഴും ഒരായിരം കതിനകൾ ഒന്നിച്ചു പൊട്ടിയ പ്രതീതിയാണ് അവരുടെ ക്യാമ്പിൽ. ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുന്നതോടെ കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ് പദം ഒഴിയേണ്ടി വരുമെന്ന കാര്യം ഏറെക്കുറെ എല്ലാവരും അംഗീകരിക്കുന്നു.