മണിക്കൂറഞ്ച് തികച്ചെടുത്തില്ല, കുമ്പക്കുടി സുധാകരൻ കരണം മറിയാൻ. അഭിമുഖത്തിൽ പറഞ്ഞെല്ലാം തള്ളിപ്പറഞ്ഞ്, ശ്രീരാമനെച്ചാരിയുണ്ടാക്കിയ കള്ളക്കഥയ്ക്ക് മാപ്പും പറഞ്ഞ് ചങ്ങാതി തടി കഴിച്ചിലാക്കി. എല്ലാം മാധ്യമ സൃഷ്ടിയാണത്രേ.
എന്തൊക്കെയായിരുന്നു അഭിമുഖത്തിലെ വീമ്പടി. മലബാറിൽ ജനിച്ചതുകൊണ്ട് കോൺഗ്രസിലെ ഏക ധൈര്യശാലി. നേരേ വാ നേരേ പോ ശൈലിക്കാരൻ. സത്യസന്ധൻ. പക്ഷേ, അഭിമുഖം പ്രത്യക്ഷപ്പെട്ട് വിമർശനത്തിൻ്റെ ശരമാരിയേറ്റപ്പോൾ സകല ശൂരത്വത്തിൻ്റെയും കാറ്റുപോയി.
ഇന്ത്യൻ എക്സ്പ്രസുകാരുടെ മുന്നിൽ ഗജകേസരിയായി തിമിർത്താടുകയായിരുന്നു കുമ്പക്കുടി. പക്ഷേ, പത്രസമ്മേളനത്തിൽ തനി ഭീരുവും, ഉളുപ്പില്ലായ്മയുടെ ഉസ്താദും, പെരുംനുണ പറഞ്ഞ് തടിതപ്പാൻ ശ്രമിക്കുന്ന തനിത്തിരുമാലിയുമായി മാറി. ചിയാൻ വിക്രം തോറ്റുപോകുന്ന അന്യൻ പ്രകടനം.
അഭിമുഖത്തിൻ്റെ അവസാനഭാഗം ഒന്നുകൂടി വായിക്കൂ. ഉഗ്രൻ ചോദ്യവും ഊക്കൻ ഉത്തരവും. ചോദ്യം ഇങ്ങനെയായിരുന്നു.
സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും ബിജെപിയുടെയും ചുക്കാൻ കണ്ണൂരുകാർക്കാണല്ലോ. എന്താ കാര്യം…
ആറ്റിക്കുറുക്കിയ ഉത്തരം;
“സത്യസന്ധത, നേരേ വാ നേരേ പോ മനോഭാവം, ധൈര്യം”.
ഇതര കോൺഗ്രസുകാർക്കില്ലാത്ത ഈ നക്ഷത്രങ്ങൾ തൻ്റെ തൊപ്പിയിലും കുപ്പായത്തിലുമുണ്ടെന്നാണ് വീമ്പടി.
അനന്തരം ഉഷസായി. പത്രവും ഓൺലൈൻ എഡിഷനുമിറങ്ങി. അഭിമുഖം വിവാദമായി. മണിക്കൂറുകൾക്കകം വീരശൂര പരാക്രമിയുടെ ഭാവവും മാറി. മാപ്പപേക്ഷയും ഇരവേഷം കെട്ടലും. കവി പറഞ്ഞതുപോലെ “കദനഭാരമഥിതമായി മാനസം, വദനമാകെ വിവർണമായി ക്ലാന്തിയാൽ” എന്ന ശേലിലാണ് സുധാകരൻ വാർത്താസമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ടത്. അഭിമുഖത്തിലെ സുധാകരൻ വേ, വാർത്താസമ്മേളനത്തിലെ സുധാകരൻ റേ.
അഭിമുഖത്തിലെ വിവാദപരാമർശങ്ങളൊക്കെയും ഉളുപ്പു ചോരാതെ പത്രസമ്മേളനത്തിൽ തള്ളിപ്പറഞ്ഞു തടിയൂരി. ശശി തരൂരിനെ ട്രെയിനി എന്ന് വിശേഷിപ്പിച്ചില്ലെന്നും ആ വാക്ക് അഭിമുഖം നടത്തിയവരുണ്ടാക്കിയത് എന്നും വിശദീകരിക്കപ്പെട്ടു. തൊലിക്കട്ടിയെ പൂമാലയിട്ട് പൊതുദർശനത്തിനു വെച്ചു.
പക്ഷേ, അഭിമുഖം അവിടെത്തന്നെയുണ്ടല്ലോ. അതിൽ ട്രെയിനി എന്ന വാക്ക് സുധാകരൻ്റെ സംഭാവനയാണ്. It’s like a trainee taking over the operations of a factory എന്നാണ് കുമ്പക്കുടിയുടെ ഡയലോഗ്. ഫാക്ടറിയിലെ പ്രവർത്തനങ്ങളുടെ മേൽനോട്ടം ഒരു ട്രെയിനി ഏറ്റെടുക്കുന്നതുപോലെയാണ് തരൂർ എഐസിസി പ്രസിഡൻ്റു സ്ഥാനം ഏറ്റെടുക്കാൻ ശ്രമിക്കുന്നത് എന്ന വാചകം അഭിമുഖക്കാരുടേതല്ല.
ഈ പരാമർശത്തെ തുടർന്നാണ് പത്രലേഖകർ സ്വന്തം നിലയിൽ ട്രെയിനി എന്ന വാക്ക് ചോദ്യത്തിൽ ഉൾപ്പെടുത്തിയത്. “തരൂരിപ്പോഴും പൊളിറ്റിക്കൽ ട്രെയിനിയാണ് എന്നാണോ താങ്കൾ പറയുന്നത്” എന്നാണ് ചോദ്യം (You are saying Tharoor is still a political trainee?) സംഘടനാപരമായി ഇപ്പോഴും ട്രെയിനിയാണ് എന്നാണ് സുധാകരൻ്റെ മറുപടി. രണ്ടു തവണ സ്വന്തം നാവുകൊണ്ട് തരൂരിനെ ട്രെയിനി എന്നു സുധാകരൻ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നിട്ടാണ് ഉത്തരവാദിത്തം മുഴുവൻ അഭിമുഖം നടത്തിയവരുടെ തലയിൽ ചാരിയത്.
എന്തൊരു സത്യസന്ധൻ, എന്തുമാതിരി ധീരത, മുഴുനീളത്തിൽ, നേരേ വാ നേരേ പോ പ്രകൃതം.
ലീഗിനെക്കുറിച്ചുള്ള പരാമർശത്തിലുമുണ്ടായി “സത്യസന്ധ”വും “ധീര”വുമായ ഒളിച്ചോട്ടം. ലീഗില്ലെങ്കിലും യുഡിഎഫും കോൺഗ്രസുമുണ്ടാകും എന്നായിരുന്നു അഭിമുഖത്തിലെ അവകാശവാദം. ലീഗ് പോയാൽ സിപിഐയും കേരള കോൺഗ്രസുമൊക്കെ യുഡിഎഫിൽ ചേക്കേറാൻ കാത്തു നിൽക്കുകയാണെന്നും തട്ടിവിട്ടിരുന്നു. അതേക്കുറിച്ച് വിശദീകരണം ചോദിച്ചപ്പോൾ, എല്ലാം അഭിമുഖം ചെയ്തവരുടെ തലയിലിട്ട് സുധാകരൻ ഉണ്ടയിട്ടു.
രാമായണകഥ വിളമ്പിയതിനുള്ള വിശദീകരണവും ജോറായിരുന്നു. കുട്ടിക്കാലത്ത് കേട്ട കഥയാണത്രേ. കഥയിൽ അൽപം മസാലയുള്ളതുകൊണ്ട് മനസിൽ നിന്നു ഈ ജന്മം മാഞ്ഞുപോവില്ല. സന്ദർഭം വന്നപ്പോൾ വെച്ചു താങ്ങിപ്പോയി. ദുരുദ്ദേശമൊന്നുമുണ്ടായിരുന്നില്ല പോലും!
സുധാകരൻ്റെ ഉള്ളിലെ നിറഞ്ഞു കുമിഞ്ഞ പഴുപ്പും ചലവും വലിച്ചു പുറത്തിടുകയായിരുന്നു ന്യൂ ഇന്ത്യൻ എക്സ്പ്രസ്. അതു മനസിലാകാൻ രാമായണ കഥ പറയും മുമ്പു ചോദിച്ച ചോദ്യത്തിലാണ് നോട്ടം പതിയേണ്ടത്. സുധാകരനെ നന്നായി സോപ്പു തേച്ച് പതപ്പിച്ച ചോദ്യം ഇങ്ങനെയായിരുന്നു.
“നിങ്ങളൊരു ടിപ്പിക്കൽ കണ്ണൂർ രാഷ്ട്രീയക്കാരനാണല്ലോ. എല്ലായ്പോഴും തുറന്നടിക്കുകയും ഒട്ടും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുന്നു. നയോപായം ഒരിക്കലും താങ്കളുടെ സവിശേഷ ഗുണമല്ല”.
ഈ ചോദ്യം സുധാകരനെ വല്ലാതെ സുഖിപ്പിച്ചു.
“മോശമായ ഭാഷ ഉപയോഗിക്കണമെങ്കിൽ, അതിനും മടിയില്ലാത്ത ആളാണ് ഞാൻ” എന്നു ഞെളിഞ്ഞിരുന്നു മറുപടിയും പറഞ്ഞു. അതിനുശേഷമാണ് ശ്രീരാമനെ ചാരി തെക്കൻ കേരളത്തിലുള്ളവരെ അധിക്ഷേപിച്ചത്. ആ കഥ പറയുമ്പോൾ സുധാകരൻ്റെ ഭാവവും ഹാവവും ശ്രദ്ധിക്കൂ. എത്ര ആസ്വദിച്ചാണയാൾ ഒരു ജനതയെ വിടന്മാരാക്കി അടച്ചാക്ഷേപിച്ചത്.
പക്ഷേ, അഭിമുഖം പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ സുധാകര ശൂരത്വത്തിൻ്റെ കാറ്റുപോയി. കോൺഗ്രസിലെ മലബാർ ധീരത ഒന്നാന്തരം ഭീരുത്വമായി മാറി. കോൺഗ്രസിൽ നിന്നാരും പിന്തുണയുമായി എത്തിയതുമില്ല. മോശമായ ഭാഷ ഉപയോഗിക്കാൻ മടിയില്ലാത്തവനെന്ന് നെഞ്ചുവിരിച്ചു മസിലു പെരുപ്പിച്ച വീരാധിശൂരൻ പശ്ചാത്താപവിവശനായി. പിന്നെ, മാപ്പായി, ക്ഷമാപണമായി. സങ്കടമായി, ഗദ്ഗദമായി… മാധ്യമവേട്ടയുടെ ഇരയുമായി..
ഇത്രയേ ഉള്ളൂ സുധാകരന്റെ ശൂരത്വം. അതൊരിക്കൽക്കൂടി കുമ്പക്കുടി തന്നെ തെളിയിച്ചെന്നേയുള്ളൂ.