മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയും എ എ പി നേതാവുമായ മനീഷ് സിസോദിയയ്ക്ക് സി ബി ഐയുടെ സമൻസ്. സിസോദിയ നാളെ സിബിഐയ്ക്ക് മുന്നിൽ ഹാജരാകണം.
നാളത്തെ ചോദ്യംചെയ്യലിന് ശേഷം സിസോദിയയെ ജയിലിൽ അടയ്ക്കാനാണ് നീക്കമെന്ന് എ എ പി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അറസ്റ്റ് നീക്കം. ബി ജെ പി ഭയപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സി ബി ഐ നടത്തിയ റെയ്ഡുകളിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ ഏജൻസിയുമായി പൂർണമായി സഹകരിക്കുമെന്നും സിസോദിയ പ്രതികരിച്ചു. “സി ബി ഐ 14 മണിക്കൂർ എൻ്റെ വീട്ടിൽ റെയ്ഡ് നടത്തി. ഒന്നും കണ്ടെത്തിയില്ല. അവർ എന്റെ ബാങ്ക് ലോക്കർ പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല. അവർ എന്നെ നാളെ രാവിലെ 11 മണിക്ക് സി ബി ഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഞാൻ പോയി പൂർണ സഹകരണം ഉറപ്പാക്കും” എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മദ്യനയ അഴിമതി കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവർക്കെതിരെ സി ബി ഐ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. എഫ്ഐആറിൽ പേരുള്ള 15 പേർക്കെതിരെയാണ് സിബിഐ നോട്ടിസ് പുറപ്പെടുവിച്ചിരുന്നത്. പ്രതികൾ രാജ്യം വിടാതിരിക്കാനായിരുന്നു സി ബി ഐ നടപടി.