രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൃത്യമായി പറഞ്ഞാല്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം. ഇതിന് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത് 2000ലായിരുന്നു. സംഭവ ബഹുലമായിരുന്നു 2000ലെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്. അതിൻ്റെ ചരിത്രം പരിശോധിക്കുകയാണ് ഇവിടെ.
സോണിയാ ഗാന്ധി V/S ജിതേന്ദ്ര പ്രസാദ
1999ൻ്റെ തുടക്കം മുതല്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ഉയര്‍ന്ന കലാപമാണ് 2000ലെ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ശരദ് പവാര്‍, പി എ സാംഗ്മ, താരിഖ് അന്‍വര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സോണിയഗാന്ധിക്കെതിരായ പരസ്യപ്പോര്. പോരിനൊടുവില്‍ ഈ നേതാക്കള്‍ക്കെല്ലാം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകാനോ, പുറത്താക്കപ്പെടാനോ ആയിരുന്നു വിധി. എന്നാല്‍ കലാപക്കൊടിയുമായി ചിലര്‍ അപ്പോഴും പാര്‍ട്ടിയില്‍ തുടര്‍ന്നു. രാജേഷ് പൈലറ്റ്, ജിതേന്ദ്ര പ്രസാദ തുടങ്ങിയ നേതാക്കളായിരുന്നു സോണിയ ഗാന്ധിയുമായി പോര് തുടര്‍ന്നത്. ഇതിനിടെ രാജേഷ് പൈലറ്റ് അപകടത്തില്‍ മരിച്ചു. ഇതോടെ ജിതേന്ദ്ര പ്രസാദ വിമതരില്‍ പ്രമുഖനായി. ഈ കലാപത്തിന് പരിസമാപ്തി കുറിക്കാന്‍ ലക്ഷ്യമിട്ടാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2000 നവംബറിലായിരുന്നു തെരഞ്ഞെടുപ്പ്. ഔദ്യോഗിക വിഭാഗത്തിൻ്റെ സ്ഥാനാര്‍ത്ഥി സോണിയാ ഗാന്ധിയും വിമത വിഭാഗത്തിനായി ജിതേന്ദ്ര പ്രസാദയും കളത്തിലിറങ്ങി. തെരഞ്ഞെടുപ്പില്‍ ജിതേന്ദ്ര പ്രസാദ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത് . സോണിയ ഗാന്ധി 7,542 വോട്ടുകള്‍ക്ക് വിജയിച്ച തെരഞ്ഞെടുപ്പില്‍ ജിതേന്ദ്ര പ്രസാദയ്ക്ക് ലഭിച്ചത് വെറും 94 വോട്ടുകള്‍.
തടികേടായ ജിതേന്ദ്ര പ്രസാദ
അന്ന് സോണിയാ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക അത്ര ചില്ലറ കാര്യമായിരുന്നില്ല. സര്വാധികാരങ്ങളുമായി പാര്‍ട്ടിയില്‍ പിടിമുറുക്കിയ സോണിയാഗാന്ധിക്കെതിരെ മത്സരത്തിന് തയ്യാറായതിൻ്റെ പേരില്‍ ജിതേന്ദ്ര പ്രസാദയ്ക്ക് ശാരീരിക ആക്രമണം വരെ നേരിടേണ്ടിവന്നു. നാമനിര്‍ദേശ പത്രിക നല്കാന് എ ഐ സി സി ഓഫീസിലേക്ക് യാത്ര തിരിച്ച ജിതേന്ദ്ര പ്രസാദയ്ക്ക് നേരിടേണ്ടിവന്നത് സോണിയാ ബ്രിഗേഡുകളുടെ ആക്രമണമായിരുന്നു. അങ്ങനെ സ്വന്തം തടികേടാക്കിക്കൊണ്ടായിരുന്നു ജിതേന്ദ്ര പ്രസാദ മത്സരിക്കാന്‍ തയ്യാറയത് തന്നെ. രാഹുല്‍ ബ്രിഗേഡിൻ്റെ ഭാഗമായിരുന്ന ജിതിന് പ്രസാദയുടെ പിതാവാണ് ജിതേന്ദ്ര പ്രസാദ. ജിതിന് പ്രസാദ അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയത്.
അന്നും ഇന്നും സാമ്യങ്ങളേറേ
2000ലെയും 2022ലെയും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ കാര്യത്തില്‍ ഏറെ സാമ്യതകളുണ്ട്. അതില്‍ പ്രധാനം ഈ രണ്ട് തെരഞ്ഞെടുപ്പിനും വഴിയൊരുക്കിയത് ഗാന്ധി കുടുംബത്തിനെതിരായ വികാരമാണെന്നതാണ്. അന്ന് സോണിയാ ഗാന്ധിക്കെതിരായിരുന്നുവെങ്കില് ഇന്ന് ആ വികാരം പാര്‍ട്ടിയെ റിമോട്ട് കണ്ട്രോളില് നയിക്കുന്ന രാഹുല്‍ഗാന്ധിക്കെതിരെയാണ്. അന്ന് സോണിയാ ഗാന്ധിക്കെതിരെ വിമതശബ്ദമുയര്‍ത്തി ശരദ്പവാര്‍ അടക്കമുള്ളവര്‍ പാര്‍ട്ടിവിട്ടതോടെയാണ് നേതൃത്വത്തിന് തെരഞ്ഞെടുപ്പിന് വഴങ്ങേണ്ടി വന്നത്. ഇന്നും സ്ഥിതി അതുതന്നെ. ഗുലാം നബി ആസാദ്, കപില്‍ സിബല്‍ അങ്ങനെ അനവധി നേതാക്കള്‍ പാര്‍ട്ടിവിട്ടു. ഇതുണ്ടാക്കിയ പ്രതിസന്ധിയും തിരിച്ചറിവുമാണ് 2022 തെരഞ്ഞെടുപ്പിന് ആധാരം. ഇത് കൂടാതെ വോട്ടര്‍ പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കമാണ് മറ്റൊരു സാമ്യത.
എതിരാളിയുടെ ഭാവി ?
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ ഇന്നലെയെന്തായിരുന്നുവെന്നത് കൗതുകമായിരുന്നുവെങ്കില്‍ ഇനി നാളെയെന്താവുമെന്നതിലാണ് ആകാഷയെല്ലാം. മുന്‍പ് സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദയ്ക്ക് ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിൻ്റെ പ്രതികാരങ്ങള്‍ കാര്യമായി നേരിടേണ്ടി വന്നിട്ടില്ല. കാരണം തെരഞ്ഞെടുപ്പ് നടന്ന രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ജിതേന്ദ്ര പ്രസാദ അന്തരിച്ചു. 2001 ജനുവരിയിലായിരുന്നു അദ്ദേഹത്തിൻ്റെ നിര്യാണം. പക്ഷേ 2022ല്‍ സ്ഥിതി വ്യത്യസ്തമാണ്. ഇത്തവണ വിജയം ഖാര്ഗെയ്ക്കൊപ്പമാകാനാണ് സാധ്യത. ഔദ്യോഗിക പരിവേഷത്തോടെ മത്സരിക്കുന്ന ഖാര്‍ഗെയ്ക്ക് മികച്ച ഭൂരിപക്ഷം ലഭിക്കാന്‍ തന്നെയാണ് സാധ്യത. അങ്ങനെയെങ്കില്‍ ശശി തരൂരിൻ്റെ ഭാവി എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തരൂരിൻ്റെ രാഷ്ട്രീയ ഭാവി കൂടിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കപ്പെടാന്‍ പോകുന്നത്.