ലണ്ടൻ: ഹാരിപോട്ടർ ചിത്രങ്ങളിലൂടെ പ്രായഭേദ വ്യത്യാസമില്ലാതെ ആരാധകരെ സമ്പാദിച്ച സ്കോട്ടിഷ് താരം റോബി കോൾട്രേയ്ൻ അന്തരിച്ചു. 72-ാം വയസിലാണ് താരം ലോകത്ത് നിന്ന് വിടവാങ്ങിയത്. സ്കോട്ട്ലന്റിലെ ഫോർത്ത്വാലി ഹോസ്പിറ്റലിൽ വെള്ളിയാഴ്ചയോടെയായിരുന്നു അന്ത്യം. അതേസമയം, മരണ കാരണം ഇതുവരെയും ബന്ധപ്പെട്ടവർ പുറത്ത് വിട്ടിട്ടില്ല.
ഹാരി പോട്ടർ സിനിമകളിലെ ഹാഗ്രിഡ് എന്ന കഥാപാത്രമാണ് റോബി കോൾട്രേയ്നെ ജനകീയനാക്കിയത്. 2001 മുതൽ 2011 വരെ പുറത്തിറങ്ങിയ എട്ടു ഹാരി പോട്ടർ ചിത്രങ്ങളിലും താരം ഭാഗമായിട്ടുണ്ട്. പ്രമുഖ ബ്രിട്ടിഷ് ടെലിവിഷൻ സീരീസായ ക്രാക്കറിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ ലോകത്ത് ചുവടുറപ്പിച്ചത്. ക്രാക്കറിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ബ്രിട്ടീഷ് ടെലിവിഷൻ അക്കാദമി അവാർഡും നടൻ സ്വന്തമാക്കിയിട്ടുണ്ട്.
ജെയിംസ് ബോണ്ട് ചിത്രം ഗോൾഡൻ ഐ, ദി വേൾഡ് ഈസ് നോട്ട് ഇനഫ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രമുഖ ചിത്രങ്ങൾ. 1950 ൽ സ്കോട്ട്ലൻഡിലാണ് നടന്റെ ജനനം. ആന്റണി റോബർട്ട് മക്മില്ലൻ എന്ന പേരാണ് പിന്നീട് റോബി കോൾട്രേയ്ൻ എന്ന് അറിയപ്പെട്ടത്. പ്രശസ്ത സാക്സോഫോണിസ്റ്റിന്റെ പേരിൽ നിന്നാണ് കോൾട്രെയ്ൻ എന്ന പേര് സ്വീകരിച്ചത്.