എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ശശി തരൂർ അധ്യക്ഷനായാൽ വെറും ഒരു ട്രെയിനി ഒരു ഫാക്ടറി നടത്തുന്നത് പോലെയാകും കാര്യങ്ങളെന്ന് കെ സുധാകരൻ. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ്റെ പരാമർശം.
ശശി തരൂരിന് സംഘടനാ രംഗത്തുള്ള പരിചയക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു സുധാകരൻ്റെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷന് അനുഭവ സമ്പത്ത് വേണം. പരിചയക്കുറവ് തിരിച്ചറിഞ്ഞാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടുമില്ലെന്ന് തീരുമാനമെടുത്തത്. ശശി തരൂരിനും സംഘടനാ രംഗത്ത് ഒട്ടും അനുഭവ സമ്പത്തില്ല. ഒരു ബൂത്ത് പ്രസിഡന്റ് സ്ഥാനത്ത് പോലും തരൂർ പ്രവർത്തിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് വോട്ട് ചെയ്യുമെന്നും സുധാകരൻ ആവർത്തിച്ചു.
കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നതിന് കാരണം ആശയദൃഡതയില്ലാത്തതാണ്. ചില കോൺഗ്രസുകാർക്ക് അധികാരമില്ലാതെ നിലനിൽക്കാനാവില്ലെന്നും സുധാകരൻ പറയുന്നു.
ലീഗ് യുഡിഎഫ് വിട്ടാൽ അതിനർത്ഥം യുഡിഎഫും കോൺഗ്രസും ഇല്ലാതാകും എന്നല്ല. ലീഗ് പോയാൽ മുന്നണിയിലേക്ക് വരാൻ മറ്റ് കക്ഷികളുണ്ടെന്നും യുഡിഎഫ് വിടണമെന്ന ലീഗിലെ ഒരു വിഭാഗത്തിലെ ചർച്ചകൾക്ക് മറുപടിയായി സുധാകരൻ പറഞ്ഞു. കേരളാ കോൺഗ്രസ് യുഡിഎഫ് വിടുന്നതിന് പിന്നിൽ കോൺഗ്രസിൻ്റെ വീഴ്ചയും കാരണമായെന്ന് സുധാകരൻ അഭിമുഖത്തിൽ തുറന്നു സമ്മതിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചില ഗുണങ്ങളും അഭിമുഖത്തിൽ സുധാകരൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു തീരുമാനമെടുത്താൽ അത് നടപ്പാക്കാൻ എതറ്റം വരെയും പോകുന്ന പ്രകൃതമാണ് പിണറായി വിജയന്റേതെന്ന് സുധാകരൻ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നിൽ നിന്ന് നയിക്കുന്ന നേതാവാണ് പിണറായി, അദ്ദേഹം കഠിനാധ്വാനിയാണ്, പാർട്ടിയോടുള്ള അദ്ദേഹത്തിൻ്റെ ആത്മാർത്ഥത പാർട്ടിക്ക് മുതൽക്കൂട്ട് തന്നെയാണെന്നും സുധാകരൻ വ്യക്തമാക്കി.