ധാക്ക: വനിതാ ഏഷ്യാ കപ്പ് ജേതാക്കളായി ടീം ഇന്ത്യ. ഫൈനലിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പിൽ ഏഴാം തവണയും മുത്തമിട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 65 റൺസെടുക്കാനാണ് സാധിച്ചത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 8.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി സ്മൃതി മന്ഥാന 25 പന്തിൽ 51 റൺസ് നേടി. ആറു ഫോറും മൂന്നു സിക്സും അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്സ്. ഹര്‍മന്‍പ്രീത് കൗര്‍ (11) പുറത്താവാതെ നിന്നു. ഇനോക രണവീര, കവിഷ ദില്‍ഹാരി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ടീം സ്കോര്‍ 32-ല്‍ നില്‍ക്കേ ഷഫാലി വര്‍മയെ ഇനോക റാണവീര പുറത്താക്കി. അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെ ഇറങ്ങിയ ജെമീമ റോഡ്രിഗസും വേഗത്തില്‍ തന്നെ മടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരന്നു. എന്നാല്‍ ഹര്‍മന്‍പ്രീത് കൗറിനേയും കൂട്ടുപിടിച്ച് മന്ഥാന ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ആദ്യ കിരീടമെന്ന മോഹവുമായി കലാശപ്പോരിനിറങ്ങിയ ശ്രീലങ്ക നിരാശയോടെ മടങ്ങി.
നേരത്തേ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 65 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ചമരി അത്തപ്പത്തുവും അനുഷ്ക സഞ്ജീവനിയും തുടക്കത്തില്‍ തന്നെ മടങ്ങി. രേണുക സിങ് എറിഞ്ഞ നാലാം ഓവറില്‍ ലങ്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പവർപ്ലേ പിന്നിടുമ്പോൾ അഞ്ചിന് 16 എന്ന നിലയിലായിരുന്നു ലങ്ക. ഓപ്പണർമാരായ ചമാരി അത്തപ്പത്തു (6), അനുഷ്ക സഞ്ജീവനി (2) എന്നിവർ റണ്ണൗട്ടായി. ഹർഷിത മാധവി (1), ഹസിരി പെരേര (0), കവിഷ ദിൽഹരി (1) എന്നിവരാണ് മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ നിലക്ഷ ഡിസിൽവ (6) മടങ്ങിയതോടെ ആറിന് 18 എന്ന നിലയിലായി ലങ്ക. രണസിംഗെ, മൽഷ ഷെഹാരി (0), സുഗന്ധിക കുമാരി (6) എന്നിവർ മടങ്ങിയതോടെ ഏഴിന് 43 എന്ന നിലയിലായി ലങ്ക. പിന്നീട് രണവീര നടത്തിയ പോരാട്ടാണ് സ്കോർ 50 കടത്തിയത്. രണ്ട് സിക്സ് അവരുടെ ഇന്നിംഗ്സിലുണ്ടായിരുന്നു. അച്ചിനി കുലസൂരിയ (6) രണവീരയ്ക്കൊപ്പം പുരത്താവാതെ നിന്നു. മൂന്ന് ഓവറിൽ ഒരു മെയിഡിനുൾപ്പടെ അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത രേണുക സിങ്ങാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്.