എകെജി സെൻ്റർ ആക്രമണ കേസിൽ ഒളിവിലുള്ള പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് ക്രൈം ബ്രാഞ്ച്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് നവ്യ ടി എന്നിവർക്ക് എതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക. ഇവരെ അന്വേഷണസംഘം കേസിൽ പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി. ഇവർക്കെതിരെ ഗൂഡാലോചനാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതിയായ ജിതിൻ പിടിയിലായതിന് പിന്നാലെയാണ് ഈ രണ്ട് പ്രതികളും ഒളുവിൽ പോയത്. സുഹൈൽ ഷാജഹാൻ വിദേശത്തേക്ക് കടന്നതായാണ് വിവരം.
അതേസമയം സുഹൈൽ ഷാജഹാൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ജിതിൻ്റെ അടുത്ത സുഹൃത്തായ നവ്യ കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആറ്റിപ്ര വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. മുഖ്യപ്രതിയായ ജിതിൻ ഉപയോഗിച്ച സ്കൂട്ടർ സുഹൈൽ ഷാജഹാൻ്റെ ഡ്രൈവറുടെ സ്കൂട്ടറാണ്. ജിതിൻ എകെജി സെൻ്റർ ആക്രമിച്ചതിന് പിന്നാലെ ആക്രമണത്തിനുപയോഗിച്ച സ്കൂട്ടർ ഓടിച്ച് കഴക്കൂട്ടം ഭാഗത്തേക്ക് പോയത് നവ്യയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ജൂൺ മുപ്പതിന് രാത്രിയാണ് സ്കൂട്ടറിൽ എത്തിയ ജിതിൻ എകെജി സെൻ്ററിൽ സ്ഫോടകവസ്തുവെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെൻ്ററിൽ ഉഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് നേതൃത്വമാണെന്ന് സിപിഎം അന്നേ ആരോപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് അത് നിഷേധിക്കുകയായിരുന്നു. കേസിൽ പിടിക്കപെട്ടവരും പ്രതി ചേർത്തവരുമെല്ലാം യൂത്ത് കോൺഗ്രസ് നേതാക്കളായതോടെ കോൺഗ്രസിൻ്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു.