ഗ്യാൻവാപി തർക്ക കേസിൽ മുസ്ലീം പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. കേസ് നിലനിൽക്കുമെന്ന കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്തതായി അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി പറഞ്ഞു. സെപ്തംബർ 12 ന്, വാരണാസിയിലെ ഒരു ജില്ലാ കോടതി, ഗ്യാൻവാപി പള്ളിയിൽ ഹിന്ദു ദേവതകളെ ദിവസേന ആരാധിക്കുന്നതിന് അനുമതി നൽകണമെന്ന ഹിന്ദു ആരാധകരുടെ അപേക്ഷയെ ചോദ്യം ചെയ്ത് അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി തള്ളിയിരുന്നു. ഗ്യാൻവാപി ശ്രീനഗർ ഗൗരി തർക്കത്തിൽ ജില്ലാ ജഡ്ജി എ.കെ.വിശ്വേഷ് വിധി പ്രസ്താവിച്ചുകൊണ്ട് കേസ് നിലനിൽക്കുമെന്ന് പറഞ്ഞു. മുസ്ലീം പക്ഷത്തിൻ്റെ ഹർജി തള്ളിയ കോടതി, ഹിന്ദു കക്ഷികളുടെ കേസ് കോടതിയിൽ നിലനിൽക്കുമെന്ന് പറഞ്ഞിരുന്നു. കേസ് ഒക്ടോബർ 18 ന് ഹൈക്കോടതി പരിഗണിക്കും.
നേരത്തെ വാരണാസി ഗ്യാൻവാപി മസ്ജിദിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗ സമാനമായ രൂപത്തിൻ്റെ കാർബൺ ഡേറ്റിംഗ് അടക്കമുള്ള ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം വാരണാസി ജില്ലാ കോടതി തള്ളിയിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഭാഗം സീൽ ചെയ്യാൻ സുപ്രീംകോടതി മെയ് 16ന് ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ശാസ്ത്രീയ പരിശോധന നടത്താൻ അനുവദിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഗ്യാൻവാപി മസ്ജിദിൻ്റെ പുറം മതിലിനകത്തുള്ള ശൃംഗാർ ഗൗരി സ്ഥലിൽ പൂജ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ സ്ത്രീകൾ നൽകിയ മറ്റൊരു ഹർജിയിലാണ് വിധി. ശിവലിംഗമെന്ന് അവകാശപ്പെടുന്ന രൂപത്തിൻ്റെ കാലപ്പഴക്കം നിർണയിക്കാൻ കാർബൺ ഡേറ്റിംഗ് പരിശോധന അനിവാര്യമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇത് കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് എ കെ വിശ്വേഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.