വാരണാസി ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗ സമാനമായ രൂപത്തിൻ്റെ കാര്‍ബണ്‍ ഡേറ്റിംഗ് അടക്കമുള്ള ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം തള്ളി കോടതി. വാരണാസി ജില്ലാ കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്. ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഭാഗം സീൽ ചെയ്യാൻ സുപ്രീംകോടതി മെയ് 16ന് ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ശാസ്ത്രീയ പരിശോധന നടത്താൻ അനുവദിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ഗ്യാന്‍വാപി മസ്ജിദിൻ്റെ പുറം മതിലിനകത്തുള്ള ശൃംഗാര്‍ ഗൗരി സ്ഥലില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ സ്ത്രീകള്‍ നല്‍കിയ മറ്റൊരു ഹര്‍ജിയിലാണ് വിധിയുണ്ടായിരിക്കുന്നത്. ശിവലിംഗമെന്ന് അവകാശപ്പെടുന്ന രൂപത്തിൻ്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധന അനിവാര്യമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇത് കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് എ കെ വിശ്വേഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി
ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്നിടത്ത് മുമ്പ് ക്ഷേത്രമായിരുന്നോ എന്ന് പരിശോധിക്കാന്‍ പര്യവേക്ഷണം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് കീഴ്ക്കോടതി കോടതി ഉത്തരവിട്ടിരുന്നു. ഇതിൻ്റെ ഭാഗമായി മെയ് 16ന് നടന്ന സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയെന്നായിരുന്നു ഒരു വിഭാഗത്തിൻ്റെ അവകാശവാദം. ഇതേ തുടര്‍ന്നാണ് കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധന ആവശ്യപ്പെട്ട് ഹര്‍ജിക്കാരായ സ്ത്രീകള്‍ ജില്ലാക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കകത്ത് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 12ന് ജസ്റ്റിസ് എ കെ വിശ്വേഷ് അധ്യക്ഷനായ ഇതേ ജില്ലാ കോടതി വിധിച്ചിരുന്നു. ഈ വിധിക്ക് പിന്നാലെയായിരുന്നു ഹര്‍ജിക്കാരായ സ്ത്രീകള്‍ കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചത്.
ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഇവരില്‍ ഒരാള്‍ കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യപ്പെട്ടുള്ള ഹര്‍ജി നല്‍കാന്‍ തയ്യാറായിരുന്നില്ല. കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയാല്‍ അത് ‘ശിവലിംഗത്തിന്’ ഹാനികരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹര്‍ജി നല്‍കാതിരുന്നത്.
കണ്ടെത്തിയത് ശിവലിംഗമല്ലെന്നും നമസ്‌കാര സ്ഥലത്തുള്ള ഫൗണ്ടന്‍ ആണെന്നും കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യമില്ലെന്നുമാണ് അന്‍ജുമാന്‍ ഇന്താസാമിയ മസ്ജിദ് കമ്മിറ്റിയുടെ നിലപാട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഒക്ടോബര്‍ 20നാണ് ഈ ഹര്‍ജി പരിഗണിക്കുക. ഇതിനിടെയാണ് കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യത്തില്‍ ജില്ലാക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.