പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. എൽദോസ് കുന്നപ്പിള്ളിക്കെതിരെ വിജിലൻസ് അന്വേഷണവും ഉണ്ടായേക്കും. പരാതിക്കാരിക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിലാണ് നടപടി. കേസ് ഒതുക്കി തീർക്കാൻ 30 ലക്ഷം രൂപ നൽകാൻ ശ്രമിച്ചെന്നാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണം.
വ്യാഴാഴ്ച എംഎൽഎക്കെതിരെ ബലാത്സംഗ കേസും രജിസ്റ്റർ ചെയ്തിരുന്നു. നേരത്തെ യുവതിയുടെ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ, പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി എംഎൽഎയ്ക്കെതിരെ കോവളം പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിൽ വൈകാതെ എൽദോസ് കുന്നപ്പിള്ളിയെ പോലീസ് അറസ്റ്റ് ചെയ്തേക്കും.
ശനിയാഴ്ചയാണ് എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്. അതിനുശേഷം കടുത്ത നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങിയേക്കും. എന്നാൽ കഴിഞ്ഞ ആറ് ദിവസമായി എംഎൽഎ ഒളിവിലാണ്. വൈകാതെ എംഎൽഎയുടെ മൊബൈൽ നമ്പറുകൾ പോലീസ് നിരീക്ഷണത്തിലാക്കും. എംഎൽഎ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പിള്ളി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും.
സെപ്റ്റംബർ 14ന് യുവതിയെ ബലമായി വീട്ടിൽ നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയ എംഎൽഎയും സഹായികളും കോവളത്ത് വച്ച് ഇവരെ മർദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നൽകി. ഈ പരാതി പിൻവലിക്കാൻ എംഎൽഎ കഴിഞ്ഞ ഒൻപതാം തീയതി വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽ കൊണ്ടുപോയി ഇവരെ മർദിച്ച് കേസ് പിൻവലിപ്പിക്കാൻ നീക്കം നടത്തി. ഇതോടെ ഇവർ നാടുവിടുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ഇവരെ കണ്ടെത്തുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയുമായിരുന്നു. തമിഴ് നാട്ടിൽ നിന്ന് കണ്ടെത്തിയ ഇവരെ പൊലീസ് ഇവരെ വഞ്ചിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 11ൽ ഹാജരാക്കിയപ്പോഴാണ് യുവതി എംഎൽഎയുടെ ലൈംഗിക പീഡനത്തിൻ്റെ വിവരങ്ങൾ കോടതിയെ അറിയിച്ചത്
കുന്നപ്പിള്ളിക്കെതിരെ പൊലീസ് നടപടിക്ക് തൻ്റെ അനുമതി വേണ്ടെന്ന് സ്പീക്കര് എ എന് ഷംസീർ