അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമൂഹത്തെ ആകെ ഉദ്ധരിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ യുവജന, മഹിള, വിദ്യാര്‍ത്ഥി തുടങ്ങി എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ ഈ ദൗത്യവും ഏറ്റെടുത്ത് മുന്നോട്ടുപോകണം. കേരളം പോലെ സാംസ്കാരികമായി ഉയര്‍ന്ന് വന്ന ഒരു സംസ്ഥാനത്ത് വളരെ പ്രാകൃതമായ നരബലി പോലുള്ള ഹീനകൃത്യങ്ങള്‍ക്ക് രംഗം ഒരുക്കപ്പെട്ടിരിക്കുകയാണ്. മനുഷ്യരെ കൊന്ന് ബലി നല്‍കുക എന്നത് അത്യന്തം ക്രൂരമായ കാര്യമാണ്. ഇത് കേരളത്തിൻ്റെ സാംസ്കാരിക നിലവാരത്തെ ആകെ അപഹസിക്കുന്നതാണ്.
അറിഞ്ഞും അറിയാതെയും ഇത്തരത്തിലുള്ള ഹീന കൃത്യങ്ങള്‍ നാടിൻ്റെ നാനാ ഭാഗങ്ങളിലും വ്യത്യസ്തമായ രൂപ ഭാവങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. സാമ്പത്തിക വാഗ്ദാനങ്ങളിലൂടെയും മറ്റും കെണിയില്‍ പെടുത്തിയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. ഇതിൻ്റെ ഭാഗമായി തുടച്ചുനീക്കപ്പെട്ട ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും രൂപഭാവ മാറ്റങ്ങളോടെയാണ് പലയിടത്തും പ്രത്യക്ഷപ്പെടുന്നത്. ഇതിനെയെല്ലാം കുറിച്ച് ശരിയായ ഒരു അവബോധം ജനങ്ങളില്‍ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്.
എല്ലാ മതത്തിലും ജാതിയിലും ഇത്തരത്തിലുള്ള നിരവധിയായ കാര്യങ്ങള്‍ നമുക്ക് നിരീക്ഷിക്കാന്‍ സാധിക്കും. ഇവയ്ക്കെതിരെയുള്ള ബോധവല്‍ക്കരണ നടപടികല്‍ അനായാസേനെ നിര്‍വഹിക്കാന്‍ കഴിയുന്ന ഒന്നാണ് എന്ന് ധരിക്കരുത്. ഇത്തരം സംഭവങ്ങള്‍ക്കെല്ലാം പുറകില്‍ സാമ്പത്തിക ലക്ഷ്യങ്ങളും അതിനുവേണ്ടിയുള്ള ബാഹ്യശക്തികളും ഉണ്ടെന്നുള്ള കാര്യം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
മറ്റൊരുകാര്യം, രാജ്യം ഭരിക്കുന്നവരും അധികാരത്തിന് വേണ്ടി നിലപാട് സ്വീകരിക്കുന്നവരും എല്ലാം ഇത്തരം കാര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്നു എന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയം ശ്രദ്ധിച്ചാല്‍ അത് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ശാസ്ത്രീയമായ വസ്തുനിഷ്ടമായ നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ മുതിരുന്നില്ല. പകരം ഒട്ടനവധി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സംരക്ഷണവും പ്രോത്സാഹനവും നല്കി അതിനെയെല്ലാം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയും ആ പാര്‍ട്ടിയിലെ ആളുകളും അവര്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയുമാണ്. അങ്ങിനെയുള്ള രാജ്യത്താണ് നമ്മള് ജീവിക്കുന്നത്.
ചത്തുപോയ മുതലയെ മാഹാത്മ്യം കല്പിച്ച്, മാല ചാര്‍ത്തി, ചന്ദനത്തിരിയും സുഗന്ധദ്രവ്യങ്ങളും പൂശി കാഴ്ച്ചയ്ക്കായി വെക്കുകയും, ആചാരങ്ങളോടെ സംസ്കരിക്കുകയും ചെയ്തത് നാം കണ്ടു. ഇനി അവിടെ ഗോപുരം പണിയും, അത് ഭാവിയില്‍ ഒരു പണപ്പിരിവിൻ്റെ കേന്ദ്രമാക്കി രൂപപ്പെടുത്തും. അത് നടപ്പാക്കാനുള്ള ബാഹ്യശക്തികളെല്ലാം ഇതിന് പിന്നില്‍ ഒത്തുകൂടിയിരിക്കുകയാണ്. ഇങ്ങനെ ഒരോ കാര്യങ്ങളേയും സാമ്പത്തിക സ്രോതസ്സിൻ്റെ കേന്ദ്രമായിട്ടാണ് ഇന്ന് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ എതിര്‍ക്കാനും ഇവയ്ക്കെതിരെ നിലപാട് സ്വീകരിക്കാനും പലര്‍ക്കും സാധിക്കുന്നില്ല എന്നതാണ് പരമസത്യം.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇത് ഭാവി തലമുറയെ ചിന്താശക്തി ക്ഷയിച്ച ഒരു സമൂഹമാക്കി മാറ്റും. മാത്രമല്ല അന്ധവിശ്വാസങ്ങളുടെ കേന്ദ്രമായി നാടിനെ ആകെ മാറ്റി ഭീകര ശക്തികള്‍ക്കും സാമ്പത്തിക ശക്തികള്‍ക്കും മേധാവിത്വം സ്ഥാപിച്ച് നിലനില്‍ക്കാനുള്ള നടപടികള്‍ കൂടി ഇതിനോടൊപ്പം രൂപപ്പെട്ട് വരും. അതുകൊണ്ട് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പ്രസ്ഥാവനകള്‍ കൊണ്ടോ ചെറിയ രീതിയിലുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ മാറ്റിത്തീര്ക്കാവുന്നതല്ല ഈ വിഷയം എന്ന് മനസ്സിലാക്കി ശരിയായ ലക്ഷ്യബോധത്തോടെ നീങ്ങാന്‍ കഴിയണം.
ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതാണ്. ലോകം വളരുകയും ശാസ്ത്രരംഗം കണ്ടുപിടുത്തങ്ങള്‍ ശക്തിപ്പെടുത്തുകയും അറിയപ്പെടാത്ത കാര്യങ്ങള്‍ കണ്ടെത്താനും എല്ലാം കഠിനശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന കാലഘട്ടമാണ്. ചന്ദ്രനിലേക്ക് മനുഷ്യൻ്റെ യാത്രയും മറ്റും തുടങ്ങുകയാണ്. വൈദ്യാശാസ്ത്ര രംഗം ഉള്‍പ്പടെ ആധുനിക കാലഘട്ടം വളര്‍ച്ചയിലാണ്. ഇതെല്ലാം അലങ്കോലപ്പെടുത്തുന്ന സംഭവങ്ങളാണ് രാജ്യത്തിൻ്റെ പലഭാഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വികസിതമായ വൈദ്യശാസ്ത്രത്തെ മാറ്റിവെച്ച് രോഗശമനത്തിന് മന്ത്രവാദം നടത്തുകയും ജീവിത ഉയര്ച്ചകള്ക്കായി അന്ധവിശ്വാസത്തെ വിശ്വസിക്കുകയും ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു. വലിയ ഒരു പണമിടപാട് രംഗമാക്കി, അന്താരാഷ്ട്ര തലത്തിലേക്ക് സാമ്പത്തിക സ്രോതസ്സുകള്‍ വളര്‍ത്താന്‍ കഴിയുന്ന ഒരു മേഖലയായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറിയിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കി മുന്നോട്ടുപോകാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
അന്ധവിശ്വാസങ്ങളേയും അതിൻ്റെ ഭാഗമായ അനാചാരങ്ങളേയും ഉപയോഗിച്ച് സാധാരണക്കാരെ കെണിയില്‍ വീഴ്ത്തി അവരുടെ സ്വത്തും പണവുമെല്ലാം അപഹരിക്കുന്നവരില്‍ നിന്നും നാടിനെ മോചിപ്പിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒന്നിച്ച് അണിനിരക്കണം.