മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരെ കേന്ദ്ര സഹ മന്ത്രിയും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതം. മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോൾ ദുബായ് സന്ദർശനം ഉണ്ടായിരുന്നില്ലെന്നായിരുന്നു വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ്റെ പ്രസ്താവന. എന്നാൽ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച് ക്ലിയറൻസിനായി നൽകിയ അപേക്ഷയിൽ ദുബായ് സന്ദർശിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രി നൽകിയ അപേക്ഷയ്ക്ക് കേന്ദ്ര വിദേശകാര്യ വകുപ്പിൻ്റെ ക്ലിയറൻസും ലഭിച്ചിട്ടുണ്ട്.
നോർവേ, യുകെ സന്ദർശനം കഴിഞ്ഞുള്ള മടക്ക യാത്രയിലായിരിക്കും യുഎഇ സന്ദർശിക്കുക എന്നത് കേന്ദ്ര വിദേശകാര്യ വകുപ്പിന് നൽകിയ അപേക്ഷയിൽ വ്യക്തമാണ്. ഈ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് വി മുരളീധരൻ പ്രസ്താവനയിറക്കിയത്. മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ വിവാദമാക്കാൻ പ്രതിപക്ഷവും ബിജെപിയും നേരത്തെതന്നെ ശ്രമങ്ങൾ നടത്തിയിരുന്നു. അതിൻ്റെ ഭാഗമാണ് വി മുരളീധരൻ്റെ പ്രസ്താവനയെന്നാണ് ഉയരുന്ന ആരോപണങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം 2022 ഒക്ടോബർ 4 നാണ് വിദേശത്തേക്ക് പോയത്. ഒക്ടോബർ ഒന്നിന് വിദേശത്തേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരിയുടെ നിര്യാണത്തെ തുടർന്ന് യാത്ര ഒക്ടോബർ നാലിലേക്ക് നീട്ടുകയായിരുന്നു. കേരളത്തിൽ നടപ്പാക്കാൻ സാധിക്കുന്ന വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ വിവിധ രാഷ്ട്ര തലവൻമാരുമായുള്ള മുൻകൂട്ടി നിശ്ചയിച്ച യാത്രയ്ക്കാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വിദേശത്തേക്ക് യാത്ര തിരിച്ചത്.
കേരളത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്തുമെന്ന് പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സി ഇ ഒ ആറ്റ്ലെ വിഡർ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി. കേരളത്തിൽ നിക്ഷേപ താൽപര്യങ്ങളുള്ള നോർവ്വീജിയൻ കമ്പനികളുടെ ഇന്ത്യൻ ചുമതലക്കാരുടെ സംഗമം ജനുവരിയിൽ കേരളത്തിൽ സംഘടിപ്പിക്കും. കൊച്ചിയിൽ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ ഓസ്കോ മാരിടൈമിന് താൽപര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കായി ജെസ്സ് ഓസ്ല്ലൻ വ്യക്തമാക്കി. പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, വയനാട് തുരങ്കപ്പാത നിർമ്മാണം, തീരശോഷണം തടയൽ എന്നീ മേഖലകളിൽ, നോർവീജിയൻ ജിയോ ടെക്നികൽ ഇൻസ്റ്റിറ്റ്യൂട്ട് കേരളവുമായി സഹകരിച്ചു പ്രവർത്തിക്കും എന്ന് തുടങ്ങി മുഖ്യമന്ത്രിയുടെ വിദേശ യാത്രയിലൂടെ നിരവധി വികസന നേട്ടങ്ങളാണ് സംസ്ഥാനത്തിനുള്ളത്.