സിൽഹെറ്റ്: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ. ഇന്ന് നടന്ന സെമിഫൈനലിൽ തായ്ലൻഡിനെ 74 റൺസിനു തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ആദ്യ സെമിയിൽ ഇന്ത്യ മുന്നോട്ടുവെച്ച 149 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത തായ്ലൻഡിന് 20 ഓവറിൽ 9 വിക്കറ്റിന് 74 റൺസെടുക്കാനേയായുള്ളൂ. ഇന്ത്യക്കായി ബാറ്റിംഗിൽ ഷഫാലി വർമയും (42) ബൗളിംഗിൽ ദീപ്തി ശർമയും (3 വിക്കറ്റ്) തിളങ്ങി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റിന് 148 റൺസെടുക്കുകയായിരുന്നു മികച്ച തുടക്കം അവസാന ഓവറുകളിൽ തുടരാനാവാതെ വന്നതാണ് ഇന്ത്യയെ കൂറ്റൻ സ്കോറിൽ നിന്ന് തടുത്തത്. സ്മൃതി മന്ദന (13) വേഗം മടങ്ങിയെങ്കിലും മറുവശത്ത് ഷഫാലി തകർപ്പൻ ഫോമിലായിരുന്നു. 28 പന്തിൽ 5 ബൗണ്ടറിയും ഒരു സിക്സറും സഹിതം 42 റൺസ് നേടിയ ഷഫാലിക്കൊപ്പം ജമീമ റോഡ്രിഗസ് (27), ഹർമൻപ്രീത് കൗർ (36), പൂജ വസ്ട്രാക്കർ (17) എന്നിവരും ഇന്ത്യക്കായി തിളങ്ങി. തായ്ലൻഡിനു വേണ്ടി സൊർന്നരിൻ ടിപോച് 3 വിക്കറ്റ് വീഴ്ത്തി.
തായ്ലൻഡിനു വേണ്ടി സൊർന്നരിൻ ടിപോച് 3 വിക്കറ്റ് വീഴ്ത്തി. ദീപ്തിയുടെ പന്തുകൾ തായ്ലൻഡ് മുൻനിരയെ വരിഞ്ഞുമുറുക്കി. ഇന്നിംഗ്സിലെ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റ് പിഴുതെറിയൽ തുടങ്ങിയ ദീപ്തി 6.1 ഓവറിൽ 18-3 എന്ന ദുരന്തത്തിലേക്ക് തായ്ലൻഡിനെ തള്ളിവിട്ടു. 21 റൺസ് നീതം നേടിയ ക്യാപ്റ്റൻ നര്വെമോൾ ചായ്വായ്, നട്ടയ ബൂചതം എന്നിവരാണ് തായ്ലൻഡിൻ്റെ ടോപ്പ് സ്കോറർമാർ. ബാറ്റിംഗിനൊപ്പം ഒരു വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും തിളങ്ങിയ ഷഫാലി വർമയാണ് കളിയിലെ താരം. ശ്രീലങ്ക – പാകിസ്താൻ മത്സരവിജയികളെ ഇന്ത്യ ഫൈനലിൽ നേരിടും.