കോഴിക്കോട് മന്ത്രവാദത്തിൻ്റെ പേരിൽ വീട്ടിലെത്തി പണവും സ്വർണവും കവർന്നതായി പരാതി. മദ്രസ അധ്യാപകൻ്റെ വീട്ടിൽനിന്നാണ് 7 പവനും ഒരു ലക്ഷം രൂപയും കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. പണം നഷ്ടപ്പെട്ടത് ചാത്തൻ സേവയിലൂടെയെന്ന് വിശ്വസിപ്പിക്കാനും ഇയാൾ ശ്രമിച്ചുവെന്ന് പരാതിക്കാർ വെളിപ്പെടുത്തി. പ്രതിയായ മുഹമ്മദ് ഷാഫി നിസ്കരിക്കാനെന്ന വ്യാജേന അധ്യാപകൻ്റെ കിടപ്പുമുറിയിലെത്തി സ്വർണവും പണവും കവരുകയായിരുന്നു.
അധ്യാപകൻ്റെ ഭാര്യയോട് പണം ചാത്തന്മാർ കൊണ്ടുപോയതാണെന്ന് പ്രതി ഷാഫി വിശ്വസിപ്പിക്കുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് അലമാര തുറക്കുമ്പോൾ പണം അവിടെയുണ്ടാകുമെന്നും ഇയാൾ അവരോട് പറഞ്ഞിരുന്നു. ഇതനുസരിച്ച മദ്രസ അധ്യാപകൻ്റെ ഭാര്യ രണ്ട് ദിവസത്തിന് ശേഷം അലമാര തുറന്നപ്പോഴാണ് ഷാഫി പണം കവർന്നതാണെന്ന് മനസിലായത്. ഇതിനെത്തുടർന്ന് പയ്യോളി പോലീസിൽ പരാതിപ്പെടുകയായിരുന്നു.