500, 1000 നോട്ട് നിരോധനത്തിനെതിരായ ഹർജികൾ പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. സർക്കാരിൻ്റെ നയപരമായ തീരുമാനങ്ങളിൽ കോടതിയുടെ ‘ലക്ഷ്മണരേഖ’ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ട്. അതിനുള്ളിൽ നിന്ന് കാര്യങ്ങൾ പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ് എ നസീർ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് നടപടി.
ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബി വി നാഗരത്ന എന്നിവരാണ് അഞ്ചംഗ ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഇതുവരെ നോട്ടീസ് പുറപ്പെടുവിക്കാത്ത മറ്റ് ഹർജികൾക്കും നോട്ടീസ് അയച്ചു. കേസിൽ സമഗ്രമായ പ്രതികരണം സമർപ്പിക്കാൻ ഹർജിക്കാരോട് ആവശ്യപ്പെട്ട ബെഞ്ച് നവംബർ 9 ന് വാദം കേൾക്കും.
ആറ് വർഷത്തിന് ശേഷം വിഷയം അക്കാദമികമായി മാറിയെന്നും കേസിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും വാദത്തിനിടെ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി ബെഞ്ചിനെ അറിയിച്ചു. എന്നാൽ, എക്സിക്യൂട്ടീവ് ഉത്തരവിലൂടെ കറൻസി നോട്ടുകൾ അസാധുവാക്കാൻ സർക്കാരിന് അധികാരമില്ലെന്നും ഭാവിയിലും വിഷയങ്ങൾ പ്രസക്തമാണെന്നും മുതിർന്ന അഭിഭാഷകനും മുൻ ധനമന്ത്രിയുമായ പി ചിദംബരവും മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനും വാദിച്ചു.
2016 നവംബർ എട്ടാം തീയതിയാണ് മോദി സർക്കാർ 500, 1000 രൂപ നോട്ടുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരോധിച്ചത്.