കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ ഭിന്ന വിധിയുമായി സുപ്രീംകോടതി. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹര്‍ജികള്‍ തള്ളിയപ്പോള്‍ മറ്റൊരംഗമായ സുധാന്‍ശു ധൂലിയ കര്‍ണാടക സര്‍ക്കാര്‍ നടപടി റദ്ദാക്കി ഉത്തരവിട്ടു. കേസില്‍ ഭിന്ന വിധിയുണ്ടായ പശ്ചാത്തലത്തില്‍ വിഷയം മൂന്നംഗ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും. ഇതിനായി കേസ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന് കൈമാറി.
ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ബെഞ്ചിന് നേതൃത്വം നല്കിയ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിയില്‍ വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് 11 നിയമപ്രശ്നങ്ങള്‍ക്ക് ഉത്തരം തേടിയെന്നും ആ ഉത്തരങ്ങളെല്ലാം പരിഗണിച്ചാണ് അപ്പീലുകള്‍ തള്ളിയതെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വ്യക്തമാക്കി. എന്നാല്‍ ഹിജാബ് വ്യക്തിയുടെ തെരഞ്ഞെടുപ്പിൻ്റെ വിഷയമാണെന്നും അതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ധൂലിയ നിലപാടെടുത്തു. വിഷയം പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മാത്രമായിരുന്നു എൻ്റെ മനസിലുണ്ടായിരുന്നത്. അവരുടെ ജീവിതത്തെ നമ്മള് മെച്ചപ്പെടുത്തുന്നുണ്ടോ ? ഇതായിരുന്നു തൻ്റെ മുന്നിലുണ്ടായിരുന്ന ചോദ്യമെന്നും ധൂലിയ വിധിപ്രസ്താവത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 5 നായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിക്കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതിയില്‍ വിദ്യാര്‍ത്ഥിനികള്‍ ഹര്‍ജി നല്കി. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരായാണ് വിവിധ സംഘടനകളും വ്യക്തികളും സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 26 അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.