കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷം ഏകപക്ഷീയമായി ജയിക്കുമെന്ന് കരുതുന്നവർ അദ്ഭുതപ്പെടാനിരിക്കുന്നതേയുള്ളുവെന്ന് ശശി തരൂർ. തനിക്കു പരസ്യ പിന്തുണ പ്രഖ്യാപിക്കാത്തവരും പ്രചാരണത്തിൽ പങ്കെടുക്കാത്തവരും സ്വകാര്യമായി പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു തരൂർ വ്യക്തമാക്കി.
മല്ലിഗാർജ്ജുൻ ഖാർഗെ പ്രസിഡന്റാകുന്നതിൽ എതിർപ്പുള്ള ഒട്ടേറെ മുതിർന്ന നേതാക്കൾ രഹസ്യപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. “എന്റെ എതിരാളിക്കു വോട്ട് ചെയ്യണമെന്ന് നേതാക്കളിൽ ചിലർ വോട്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, രഹസ്യ ബാലറ്റ് വഴിയുള്ള തിരഞ്ഞെടുപ്പിൽ അവരിൽ പലരും എനിക്ക് വോട്ട് ചെയ്തേക്കും. 1997ലും 2000ലും നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഔദ്യോഗിക സ്ഥാനാർഥി നേടിയ ഏകപക്ഷീയ വിജയം ഇക്കുറിയും ആവർത്തിക്കുമെന്നു കരുതുന്നവർ ഈ മാസം 19നു വോട്ടെണ്ണുമ്പോൾ അദ്ഭുതപ്പെടുമെന്നും ശശി തരൂർ പറഞ്ഞു.
നാഗാലാൻഡ് മുൻ മുഖ്യമന്ത്രി കെ.എൽ.ചിഷി, മുൻ ക്രിക്കറ്റ് താരവും തെലങ്കാനയിൽ നിന്നുള്ള നേതാവുമായ മുഹമ്മദ് അസ്ഹറുദീൻ, കാർത്തി ചിദംബരം എംപി, സന്ദീപ് ദീക്ഷിത് , പ്രിയ ദത്ത്, സൽമാൻ സോസ് തുടങ്ങിയ ഏതാനും ചിലർ മാത്രമാണു കേരളത്തിനു പുറത്ത് തരൂരിനു പരസ്യ പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്.