ദില്ലി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ജയിച്ച് ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കി ഇന്ത്യ. 100 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മറികടക്കുകയായിരുന്നു. 49 റൺസെടുത്ത ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ശ്രേയസ് അയ്യർ 23 പന്തിൽ മൂന്ന് ഫോറിൻ്റെയും രണ്ട് സിക്സിൻ്റെയും മികവിൽ 28 റൺസുമായി ഗില്ലിന് പിന്തുണ നൽകി.
ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വിജയങ്ങളെന്ന ഓസ്ട്രേലിയയുടെ റെക്കോർഡിനൊപ്പം ജയത്തോടെ ഇന്ത്യ എത്തി. ഈ വർഷം വിവിധ ഫോർമാറ്റുകളിലായി ഇന്ത്യ നേടുന്ന 38-ാം ജയമാണിത്. ഓസ്ട്രേലിയക്കും ഒരു കലണ്ടർ വർഷം 38 ജയങ്ങളുണ്ട്. 2003ലായിരുന്നു ആസ്ട്രേലിയയുടെ നേട്ടം. 30ഏകദിനം, എട്ട് ടെസ്റ്റ് എന്നിങ്ങനെയായിരുന്നു ആസ്ട്രേലിയയുടെ വിജയങ്ങൾ. രണ്ട് ടെസ്റ്റ്, 13 ഏകദിനം, 23 ടി20 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ വിജയങ്ങൾ.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിൽ പുറത്തായി. ഇന്ത്യയുടെ തകർപ്പൻ ബോളിങ്ങാണ് ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞത്. ഇന്ത്യക്കായി കുൽദീപ് യാദവ് 4.1 ഓവറിൽ 18 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. 42 പന്തിൽ നാല് ഫോറിൻ്റെ മികവിൽ 34 റൺസ് നേടിയ ഹെയ്ന്റിച്ച് ക്ലാസ്സെന് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങാനായത്.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശിഖർ ധവാൻ (8) റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. ഇഷാൻ കിഷൻ (10) ജോൻ ഫോർടുയിൻ്റെ പന്തിൽ ഡികോക്കിനു ക്യാച്ച് നൽകി മടങ്ങി. തുടർന്ന് മൂന്നാം വിക്കറ്റിൽ ശുഭ്മൻ ഗില്ലും ശ്രേയാസ് അയ്യരും ചേർന്ന 39 റൺസിൻ്റെ കൂട്ടുകെട്ട് ഇന്ത്യയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ഫിഫ്റ്റിക്ക് ഒരു റൺ അകലെ ഗിൽ പുറത്തായി. താരം ലുങ്കി എങ്കിഡിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. ഒരു സിക്സറിലൂടെ ശ്രേയാസ് അയ്യരാണ് വിജയറൺ നേടിയത്. ശ്രേയാസ് അയ്യർ (28), സഞ്ജു സാംസൺ (2) എന്നിവർ നോട്ടൗട്ടാണ്. ദക്ഷിണാഫ്രിക്കക്കായി ഇമാദ് ഫോർച്യൂയിൻ, ലംഗി എൻഗിഡി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.