ലഖ്നൗ: 60 പേരുടെ കൂട്ടക്കൊലയ്ക്കും നാൽപതിനായിരത്തോളം പേരുടെ പലായനത്തിലും കാരണമായ മുസാഫർനഗർ കലാപക്കേസിൽ ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ വിക്രം സിംഗ് സൈനി അടക്കം 11 പേർക്ക് രണ്ടു വർഷം തടവു ശിക്ഷ. പ്രത്യേക കോടതിയിലെ ജഡ്ജി ഗോപാൽ ഉപാധ്യായയുടേതാണ് വിധി. പ്രതികൾക്ക് 10,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ മറ്റ് 15 പ്രതികളെ കോടതി വെറുതെ വിട്ടു.
2013 ഓഗസ്റ്റ് 21ലാണ് സംഭവങ്ങളുടെ തുടക്കം. മുസാഫർ നഗറിൽ ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് 150 ഓളം പേർക്കെതിരെ കേസെടുക്കുകയും, 14 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഓഗസ്റ്റ് 27ന് ഷാമ്ലി നഗരത്തിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഒരു ചെറിയ റോഡ് അപകടത്തെത്തുടർന്നുണ്ടായ വാഗ്വാദങ്ങളാണ് വംശീയ സംഘർഷമായി മാറിയത്. കലാപത്തിൽ ആദ്യം മൂന്നുപേർ കൊല്ലപ്പെട്ടു.
ഇതിൽ രണ്ടു യുവാക്കളുടെ ശവസംസ്കാരം കഴിഞ്ഞ് ജനക്കൂട്ടം മടങ്ങുന്നതിനിടെയാണ് കലാപമുണ്ടായത്. ഇരു വിഭാഗങ്ങളിലുമായി അറുപതോളം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും പതിനായിരക്കണക്കിനാളുകൾക്ക് നാടുവിട്ട് ഓടിപ്പോകേണ്ടിയും വന്നു. ഈ അക്രമത്തിൽ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് ബിജെപി എംഎൽഎയും മറ്റുള്ളവരും വിചാരണ നേരിട്ടത്.
ഉത്തർപ്രദേശിലെ ഖതൗലിയിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് വിക്രം സിംഗ് സൈനി. ഇയാൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.